ചിന്ദ് വാഡ(മധ്യപ്രദേശ്) : മധ്യപ്രദേശിൽ നിയമസഭയിലേക്ക് നേടിയ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി കമൽ നാഥ് പറഞ്ഞു.

രാഷ്ട്രീയസാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലം. 75 ദിവസത്തെ കോൺഗ്രസ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തപ്പെടും. കാർഷികകടങ്ങൾ എഴുതിത്തള്ളിയത് തിരഞ്ഞെടുപ്പിൽ നിർണായകമാകും. കടാശ്വാസപദ്ധതിയിലൂടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പരിധി വരെ കഴിഞ്ഞെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ കമൽനാഥ് അവകാശപ്പെട്ടു. ചിന്ദ് വാഡയിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരേ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. റെയ്ഡിലൂടെ ഭയപ്പെടുത്താനായിരുന്നു ബിജെപി.യുടെയും കേന്ദ്രസർക്കാറിന്റെയും ശ്രമം. അത് വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

2014-ൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നൽകണം. ജനങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ 15 ലക്ഷം രൂപ എവിടെയെന്നും തൊഴിലവസരങ്ങൾ ഇല്ലാതാക്കിയത് ആരാണെന്നും വെളിപ്പെടുത്തണമെന്നും കമൽനാഥ് പറഞ്ഞു.

കമൽ നാഥ് ഒമ്പത് തവണ പ്രതിനിധാനം ചെയ്ത ചിന്ദ് വാഡ ലോക്‌സഭ മണ്ഡലത്തിൽ മകൾ നകുൽ നാഥ് ആണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി. ചിന്ദ് വാഡ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെ എം.എൽ.എ.യാകാനുള്ള തയ്യാറെടുപ്പിലാണ് കമൽനാഥ്. ഏപ്രിൽ 29-നാണ് ചിന്ദ് വാഡയിൽ വോട്ടെടുപ്പ്.

content highlights: Madhya Pradesh, Kamal Nath, Congress, BJP