ഖന്ദ്വ: മധ്യപ്രദേശിലെ വാർത്താ വിനിമയ സംവിധാനങ്ങളില്ലാത്ത താത്കാലിക ബൂത്തുകളിൽ നിന്നുള്ള പോളിങ് ശതമാനം സമയാസമയം അറിയാന്‍ അതിവേഗ ഓട്ടക്കാരെ നിയമിച്ചു. പോളിങ് ശതമാനം 'അപ്ഡേറ്റ്' ചെയ്യാനായി 43 ബൂത്തുകളിലേക്കായി 200 പേരെയാണ് നിയോഗിച്ചത്. ഇവർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. 

ഓരോ ബൂത്തിലും രണ്ട് പേർക്കാണ് ചുമതല. ഒരാൾ ബൂത്തിലും ഒരാള്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമായിട്ടുള്ള പ്രദേശത്ത് ഫോണുമായും നിലയുറപ്പിക്കും. ബൂത്തിലുള്ളയാൾ പോളിങ്ങ് ശതമാനക്കണക്കുമായി ഫോണുള്ളയാളുടെ അടുത്തേക്ക് ഓടിയെത്തും. രണ്ടാമൻ ഇങ്ങനെ ലഭിക്കുന്ന പോളിങ്ങ് ശതമാനം ഫോൺ വഴി അധികൃതരെ അറിയിക്കും. ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയിലായിരിക്കും പോളിങ് ശതമാനം രേഖപ്പെടുത്തുന്നത്. - ഖന്ദ്വ ഡി.ആര്‍.ഒ വിഷേഷ് ഗഥ്പാലെ പറഞ്ഞു.

ഖന്ദ്വ ജില്ലയിലെ താത്കാലിക ബൂത്തുകളിലെ വോട്ടിങ് ശതമാനം സമയാസമയങ്ങളിൽ കൃത്യമായി കമ്മിഷനെ അറിയിക്കുന്നതിനാണ് പ്രത്യേക പരിശീലനം നല്‍കിയ  ഓട്ടക്കാരെ നിയമിക്കുന്നത്. ഖന്ദ്വ ജില്ലയിലെ ബേത്തുല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഹര്‍സുദ് അസംബ്ലി മണ്ഡലത്തില്‍ 43 താത്കാലിക ബൂത്തുകളാണ് ഉള്ളത്. ഖന്ദ്വ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ശിവപുരിയില്‍ നാലും പന്ധാനയില്‍ മൂന്നും താത്കാലിക ബൂത്തുകളുമുണ്ട്.

Content Highlights: EC Turns Innovative Trains 200 Sprinters to Give Polling Updates in MP Booths With No Mobile Network