ന്യൂഡല്‍ഹി: ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്വിജയ് സിങിന്റെ വിജയത്തിനായി സ്വയം പ്രഖ്യാപിത ആള് ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ യാഗം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപിയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ സുദമ ഖാദെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് കാര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം.
യാഗം നടത്തുന്നതിന് കമ്പ്യൂട്ടര്‍ ബാബക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്നും എപ്പോള്‍ ലഭിച്ചെന്നും അന്വേഷിക്കും. ദിഗ് വിജയ്സിങിന്റെ ക്ഷണപ്രകാരമാണോ കമ്പ്യൂട്ടര്‍ ബാബയും മറ്റു ആചാര്യന്മാരും യാഗത്തിനെത്തിയത്. ആരാണ് ഇതിന് പണം മുടക്കുന്നതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കുക.
നേരത്തെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കമ്പ്യൂട്ടര്‍ ബാബ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോട് കൂടിയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം ദിഗ് വിജയ് സിങിന്റെ വിജയത്തിനായി ഭോപ്പാലില്‍ യാഗം ആരംഭിച്ചത്. ഏഴായിരത്തോളം സന്ന്യാസിമാരാണ് പൂജയില്‍ പങ്കെടുക്കുന്നത്.
ബിജെപിക്കായി മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറാണ് ഭോപ്പാലില്‍ മത്സരിക്കുന്നത്.
Content Highlights: EC starts probe in Computer Baba's 'Hatyog' for Digvijaya Singh's victory in Bhopal