ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂറിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങ്ങിനും തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് അയച്ചു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ എതിരാളികളാണ് ഇരുവരും. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളിയാഴ്ച വരെ 21,30,136 രൂപ ചിലവഴിച്ചുവെന്നാണ് ദിഗ്‌വിജയ് സിങ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ 39,47,674 രൂപ അദ്ദേഹം പ്രചാരണത്തിനായി ചിലവഴിച്ചിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ സ്‌പെഷല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഉന്നതകേന്ദ്രങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

6,27,663 രൂപ പ്രചാരണത്തിന് ചിലവഴിച്ചുവെന്നായിരുന്നു പ്രജ്ഞ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 13,51,756 രൂപ പ്രജ്ഞ പ്രചരണത്തിന് ചിലവഴിച്ചുവെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ മേയ് പന്ത്രണ്ടിനാണ് ഭോപ്പാലില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടന്ന് 90 ദിവസത്തിനകം എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ചെലവിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്മീഷനു മുമ്പാകെ സമര്‍പ്പിക്കണമെന്നാണ് ചട്ടം.

content highlights: electon commission, bhopal,election expenditure,pragya singh thakur, digvijay singh, lok sabha election 2019