ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ലഭിച്ച 72 മണിക്കൂര്‍ പ്രചാരണ വിലക്ക് ലംഘിച്ചെന്ന പരാതിയില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. 

വിലക്ക് നിലനില്‍ക്കുമ്പോഴും സാധ്വി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണെന്ന് കോണ്‍ഗ്രസാണ് പരാതി നല്‍കിയത്. ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തുകയും ആള്‍ക്കൂട്ടത്തോടൊപ്പം പ്രചാരണത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ലഘുലേഖകള്‍ വിതരണം ചെയ്തെന്നും ആരോപണമുയര്‍ന്നിരിന്നു.

പരാതിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സാധ്വിയോട് വിശദീകരണം തേടിയിരുന്നു. ആരോപണങ്ങള്‍ നിഷേധിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്തത് തനിക്കറിയില്ലെന്നും മറുപടി നല്‍കി. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. 

മഹാരാഷ്ട്ര മുന്‍ എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കരെക്കെതിരായ  വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് സാധ്വിക്ക് 72 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Content Highlights: EC gives clean chit to Sadhvi Pragya for alleged violation of 72-hour campaign ban