ഖാര്‍ഗാവ് (മധ്യപ്രദേശ്): മാഹാത്മാഗാന്ധിയെ അധിക്ഷേപിച്ച പ്രജ്ഞ സിങ് ഠാക്കൂറിന് മാപ്പുനല്‍കാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുന്നോടിയായി പങ്കെടുത്ത റാലിക്കിടെ ടെലിവിഷന്‍ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെക്കുറിച്ച് അവര്‍ നടത്തിയത് വളരെ മോശമായ പരാമര്‍ശമാണ്. അവര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരോട് പൂര്‍ണമായും ക്ഷമിക്കാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗോഡ്‌സെയുമായി ബന്ധപ്പെട്ട് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂര്‍, കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ, കര്‍ണാടക എം.പി നളീന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് ചേര്‍ന്നതെല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. പത്ത് ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി അച്ചടക്ക സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മധ്യപ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പ്രജ്ഞയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Content Highlights: Godse deshbhakt remark, Pragya Singh, PM Narendra Modi