ഇന്‍ഡോര്‍:  രാഷ്ട്രീയത്തിലെ മര്യാദയില്‍ പുതിയ പാത തെളിച്ച് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ ബിജെപി അനകൂല മുദ്രാവാക്യം മുഴക്കിയ പ്രദേശവാസികളുടെ കൈപിടിച്ച് മര്യാദയോടെ സംസാരിച്ച് പ്രിയങ്ക കൈയടി നേടി. 

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്കഗാന്ധി. 1989 മുതല്‍ ഈ മണ്ഡലം ബിജെപിയുടെ ഉറച്ച കോട്ടയാണ്. ഇവിടെ ബിജെപി അല്ലാതൊരു സ്ഥാനാര്‍ഥി 1989 ന് ശേഷം വിജയിച്ചിട്ടില്ല. പ്രിയങ്ക ഉള്‍പ്പെടുന്ന പ്രചാരണ വാഹനം കടന്നുപോകവെ ഒരുസംഘം ആളുകള്‍ വഴിയില്‍ നിന്ന് മോദി അനുകൂലം മുദ്രാവാക്യം മുഴക്കി. 

ഇതില്‍ അതൃപ്തി പ്രകടിപ്പിക്കാതെ വാഹനം നിര്‍ത്തി അവര്‍ക്കരികിലെത്തിയ പ്രിയങ്ക അവരുടെ കൈകള്‍ പിടിച്ച് ഇങ്ങനെ പറഞ്ഞു- നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി- എല്ലാ ആശംസകളും- ഇതോടെ മോദി അനകൂല മുദ്രാവാക്യം വിളിച്ചവര്‍ അവിടെ നിന്ന് പോവുകയും ചെയ്തു. പ്രിയങ്കയുടെ ലാളിത്യം കണ്ടറിഞ്ഞ ബിജെപി അനുകൂലികള്‍ അവര്‍ക്ക് ആശംസയുമര്‍പ്പിച്ചാണ് മടങ്ങിയത്. 

മധ്യപ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ആദ്യമായാണ് എത്തുന്നത്. ഇന്‍ഡോറിന് പുറമെ ഉജ്ജൈനിയിലും പ്രിയങ്ക റോഡ് ഷോ നടത്തുകയും രത്‌ലം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയും ചെയ്തു.

Content Highlights: “Aap apni jagah, main meri jagah..all the best-  Priyanka told to Modi Bhakth