ന്യൂഡല്‍ഹി: ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. വൈകാതെ കോണ്‍ഗ്രസ് അംഗത്വമെടുക്കുന്ന ഹര്‍ദിക് ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
മാര്‍ച്ച് 12ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങിലാവും ഹാര്‍ദികിന്റെ കോണ്‍ഗ്രസ് പ്രവേശനം.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍. ഇത് പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ യുവനേതാവിലൂടെ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
അഹമ്മദാബാദില്‍ ചേരാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചായിരിക്കും ഹര്‍ദിക്കിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ്.
യോഗത്തിന്റെ അവസാനം ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന റാലിയും ഇവിടെ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകവും ബി.ജെ.പി ശക്തികേന്ദ്രവുമായ ഗുജറാത്തില്‍ കൂടുതല്‍ ശ്രദ്ധവെച്ച് പ്രവര്‍ത്തനം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനാണ് കാഴ്ചവെച്ചത്.
content highlights: Hardik Patel, Congress, BJP, Gujarat, Jamnagar