ഗാന്ധിനഗര്‍: തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് മര്‍ദനം. ഗുജറാത്തിലെ സുരേന്ദ്ര നഗറില്‍ വെച്ചാണ് വേദിയില്‍ അതിക്രമിച്ച് കയറിയ പ്രതി ഹാര്‍ദിക് പട്ടേലിന്റെ കരണത്തടിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പട്ടേല്‍ സമര നായകനായിരുന്ന ഹാര്‍ദിക് പട്ടേല്‍ ഈയിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. തരുണ്‍ ഗജ്ജര്‍ എന്ന ആളാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.  2015ല്‍ പട്ടീദാര്‍ റാലിക്കിടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇയാള്‍ ഹാര്‍ദിക് പട്ടേലിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭം നടന്ന ഉടന്‍തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിന് കൈമാറി. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. 

കാടി സ്വദേശിയായ തരുണ്‍ ഗജ്ജര്‍, പാട്ടീദാര്‍ സമരത്തെ തുടര്‍ന്ന് തനിക്കുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഹാര്‍ദികിനെ മര്‍ദിച്ചതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ ഹാര്‍ദികിനെ മര്‍ദിച്ചതെന്നും ഗജ്ജര്‍ കൂട്ടിച്ചേര്‍ത്തു. 

സംഭവത്തെ തുടര്‍ന്ന് ഹാര്‍ദിക് പട്ടേല്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തിനു പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു.

content highlights: Congress leader Hardik Patel slapped at election rally