ഗാന്ധിനഗര്‍: ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. കോണ്‍ഗ്രസ് രാജ്യദ്രോഹ നിയമത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോണ്‍ഗ്രസ് പറയുന്നത് അവര്‍ രാജ്യദ്രോഹ നിയമം ദുര്‍ബലപ്പെടുത്തുമെന്നാണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യവും സാമൂഹ്യഘടനയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ ദേശദ്രോഹികളോട് നാം പൊറുക്കണോ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്', കച്ച് ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ രാജ്‌നാഥ് സിങ് ചോദിച്ചു.

അധികാരത്തില്‍ എത്തിയാല്‍ കര്‍ശനമായ രാജ്യദ്രോഹ നിയമത്തിന് രൂപം നല്‍കും. ദേശദ്രോഹികളെ വിറപ്പിക്കുന്ന നിയമമായിരിക്കും അത്. കശ്മീരില്‍ ഇന്നുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ജവഹര്‍ലാല്‍ നെഹ്‌റുവാണ്. കശ്മീര്‍ വിഷയം കൈകാര്യം ചെയ്യാന്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന് പൂര്‍ണ അധികാരം നല്‍കിയിരുന്നെങ്കില്‍ അന്നേ ആ വിഷയം പരിഹരിക്കപ്പെടുമായിരുന്നു.

തങ്ങളുടെ സര്‍ക്കാര്‍ അഴിമതി വേരൊടെ പിഴുതെടുത്തു എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷെ ആ ദിശയിലുള്ള ശക്തമായ ചില ചുവടുകള്‍ ഈ സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ആത്മാര്‍ത്ഥതയിലോ പ്രതിജ്ഞാബദ്ധതയിലോ ആര്‍ക്കും സംശയമില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

content highlights: BJP Will Make Sedition Law Even More Stringent Says Rajnath Singh