പനജി: മനോഹര്‍ പരീക്കറുടെ മക്കള്‍ ഉത്പല്‍ പരീക്കറും അഭിജിത് പരീക്കറും സജീവരാഷ്ട്രീയത്തിലേക്ക്. ശനിയാഴ്ച ഇക്കാര്യം സംബന്ധിച്ച് ഇരുവരും സൂചന നല്‍കി. രാജ്യസേവനമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്പലും അഭിജിത്തും വ്യക്തമാക്കി.

പാന്‍ക്രിയാസ് അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന പരീക്കര്‍ മാര്‍ച്ച് 17 നാണ് അന്തരിച്ചത്. പരീക്കറുടെ മരണത്തെ തുടര്‍ന്ന് മക്കളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇരുവരും സ്ഥിരീകരണവുമായി രംഗത്തെത്തിയതോടെ ഏപ്രിലില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലോ പരീക്കറുടെ മണ്ഡലമായ പനജിയിലെ ഉപതിരഞ്ഞെടുപ്പിലോ ഇവര്‍ മത്സരിച്ചേക്കുമെന്നാണ് നിഗമനം.

പരീക്കറുടെ മരണം കുടുംബത്തില്‍ നികത്താനാവാത്ത വിടവാണുണ്ടാക്കിയതെങ്കിലും അതിലേറെ നഷ്ടം നാടിനുണ്ടായതായി ജനങ്ങള്‍ അയച്ച സന്ദേശങ്ങളിലും കത്തുകളിലും നിന്ന് മനസിലായതായി ഉത്പലും അഭിജിത്തും പറഞ്ഞു. പരീക്കറുടെ രോഗാവസ്ഥയില്‍ എല്ലാ പിന്തുണയും സഹായവും നല്‍കിയ പ്രധാനമന്ത്രിയ്ക്ക് ഇരുവരും നന്ദിയും അറിയിച്ചു. 

 

Content Highlights: Manohar Parrikar's Sons Hint At Joining Politics, Abhijith Parrikar, Uthpal Parrikar