ന്യൂഡൽഹി: ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി ചരടുവലികള്‍ തുടങ്ങിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

തൊട്ടുപിന്നാലെ കാമത്ത് ഞായറാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെത്തുകയും ചെയ്തു. ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം തിരക്കിട്ട് ഡല്‍ഹിയിലെത്തിയതെന്ന അഭ്യൂഹം ഇതോടെ പ്രചരിച്ചു. എന്നാല്‍, അവയെല്ലാം തള്ളി കാമത്ത് തന്നെ രംഗത്തെത്തി. ബിജെപിയില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്യാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

2005  ല്‍ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ കാമത്ത് വീണ്ടും ബിജെപിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ന്യൂഡല്‍ഹിയിലേക്ക് പോകുന്നതെന്നും തികച്ചും സ്വകാര്യ സന്ദര്‍ശനം മാത്രമാണിതെന്നും അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാമത്തിനെതിരെ അപവാദ പ്രചാരണം നടത്തുകയാണ് ബിജെപിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും പ്രതികരിച്ചു. കാമത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ബിജെപി ബോധപൂര്‍വം അപവാദ പ്രചാരണം നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

കാമത്ത് ബിജെപിയില്‍ ചേരുന്ന സാഹചര്യത്തെപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ നേരത്തെ അവകാശപ്പെട്ടിരുന്നു. ബിജെപി എംഎല്‍എമാരുടെ യോഗം ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്തുരുന്നു. എന്നാല്‍, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാവും കൈക്കൊള്ളുകയെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.

ഗോവയിലെ ബിജെപി സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കാമത്തുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഗോവ ബിജെപിയിലെ രണ്ടാമനായിരുന്നു 2005 വരെ ദിഗംബര്‍ കാമത്ത്. പിന്നീട് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം 2007 മുതല്‍ 2012 വെര ഗോവ മുഖ്യമന്ത്രിയായിരുന്നു.

Content Highlights: Joining BJP is political suicide, Digambar Kamat, Goa