പനാജി: ബി.ജെ.പി. എം.എല്‍.എ യുടെ മരണത്തെ തുടര്‍ന്ന് ഗോവയിൽ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കോണ്‍ഗ്രസ് കത്തെഴുതി. ഫ്രാന്‍സിസ് ഡിസൂസ മരണപ്പെടുകയും മറ്റ്  രണ്ട് എം.എല്‍.എ.മാര്‍ രാജിവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗോവ നിയമസഭയില്‍ അംഗങ്ങളുടെ എണ്ണം 40 ല്‍ നിന്ന് 37 ആയിരുന്നു. ഈ സാഹചര്യത്തിലാണ് അവകാശവാദവുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

2017 ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പതിനേഴ് എം.എല്‍.എ.മാരുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമയത്ത് മൂന്ന് എം.എല്‍.എ.മാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് മനോഹര്‍പരീക്കറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ഗോവയുടെ മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി.എംഎൽഎയുമായിരുന്ന ഫ്രാന്‍സിസ് ഡിസൂസ ഫെബ്രുവരിയില്‍ അന്തരിച്ചിരുന്നു. അമേരിക്കയില്‍ അര്‍ബുദ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. 

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കര്‍ ശനിയാഴ്ചയാണ് ബി.ജെ.പി. നയിക്കുന്ന സര്‍ക്കാര്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്തയച്ചത്. 

"ബി.ജെ.പി.നേതാവും എം.എല്‍.എ.യുമായ ഫ്രാന്‍സിസ് ഡിസൂസയുടെ നിര്യാണത്തെ തുടര്‍ന്ന് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ മനോഹര്‍ പരീക്കര്‍ നയിക്കുന്ന സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ സഭയില്‍ അവരുടെ ഭൂരിപക്ഷവും നഷ്ടമായി. അതുകൊണ്ട് തന്നെ നിലവിലെ അംഗസംഖ്യയില്‍ ഒരു നിമിഷം പോലും ഇനിയും തുടരുന്നത് അനുവദിക്കാന്‍ സാധിക്കുകയില്ല. ഇപ്പോള്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന അങ്ങ് ബി.ജെ.പി.നയിക്കുന്ന സര്‍ക്കാരിനെ പിരിച്ചുവിട്ട് നിലവില്‍ ഭൂരിപക്ഷമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അധികാരം കൈമാറുകയും, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കണം", ഗവർണറിന് അയച്ച കത്തില്‍ പറയുന്നു. 

Content Highlights: Congress stakes claim to form government in BJPruled Goa