പനജി: ഗോവയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ബിജെപി സീറ്റ് നിഷേധിച്ചു. പനജി നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ സിദ്ധാര്‍ഥ് കണ്‍സലിങ്കറെ പ്രഖ്യാപിച്ചു. 

ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു പ്രഖ്യാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്.

പരീക്കറുടെ സീറ്റില്‍ മകന്‍ ഉത്പല്‍ പരീക്കര്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. രണ്ട് പേരുകളായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്തിരുന്നത്. ഉത്പലും സിദ്ധാര്‍ഥും മത്സരിക്കുന്നതിന് മുന്നോടിയായി പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തിവരുകയായിരുന്നു.

തനിക്ക് സീറ്റ് നല്‍കിയില്ലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഉത്പല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രതിബന്ധങ്ങളുണ്ടാകും. പ്രത്യേകിച്ച് നിസ്വാര്‍ഥ സേവനം ആഗ്രഹിക്കുന്നവര്‍ക്ക്. എന്റെ പിതാവും ഇങ്ങനെ പ്രതിബന്ധങ്ങള്‍ നേരിട്ടിട്ടുണ്ട്- ഉത്പല്‍ പ്രതികരിച്ചു.

Content Highlights: manohar parikkar, utpal parikkkar, bjp, goa