ഹൈദരാബാദ്: തെലങ്കാനയിൽ ടി.ആർ.എസ്. നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർറാവു എന്ന കെ.സി.ആറിന് പരിഭ്രമം ലവലേശമില്ല. ഇക്കഴിഞ്ഞ ഡിസംബറിൽനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി.ആർ. പാർട്ടിയിലും ഭരണത്തിലും കെ.സി.ആറിന് നിലവിൽ ഒരു വെല്ലുവിളിയുമില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് രണ്ടുമാസം കഴിഞ്ഞാണ് കെ.സി.ആർ. മന്ത്രിസഭ വിപുലീകരിച്ചത്. ഈ രണ്ടുമാസവും കെ.സി.ആറിനുപുറമേ ആഭ്യന്തരമന്ത്രി മുഹമ്മദ് അലിഖാൻ മാത്രമാണ് മന്ത്രിസഭയിലുണ്ടായിരുന്നത്.

െഫബ്രുവരി 19-ന് മന്ത്രിസഭ വലുതാക്കിയപ്പോൾ പത്തുപേരെയാണ് പുതുതായി എടുത്തത്. 18 മന്ത്രിമാർവരെ ആകാമെങ്കിലും തത്‌കാലം ഇത്രയുംപേർ മതിയെന്നാണ് കെ.സി.ആർ. പറയുന്നത്. മകൻ കെ.ടി. രാമറാവുവിനെയും മരുമകൻ ഷരീഷ് റാവുവിനെയും മന്ത്രിസഭയിലുൾപ്പെടുത്താതിരിക്കാനും കെ.സി.ആർ. ശ്രദ്ധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ 17 മണ്ഡലങ്ങളിൽ 16-ലും ടി.ആർ.എസ്. മത്സരിക്കുന്നുണ്ട്. ഹൈദരാബാദ് മണ്ഡലം അസദുദ്ദീൻ ഒവൈസിയുടെ എ.എം.ഐ.എമ്മിന് ടി.ആർ.എസ്. വിട്ടുകൊടുത്തിരിക്കുകയാണ്. ഫലം വരുമ്പോൾ 16-ൽ 16-ഉം കിട്ടിയിരിക്കണമെന്നും അതുകഴിഞ്ഞാകാം മന്ത്രിസഭാപ്രവേശമെന്നുമാണ് മകനും മരുമകനും കെ.സി.ആർ. കൊടുത്തിരിക്കുന്ന തീട്ടൂരം.

തെലങ്കാനയിലെ മുഖ്യമന്ത്രിപദം കൊണ്ട് തൃപ്തിയടയുന്ന പാർട്ടിയല്ല കെ.സി.ആർ. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ കസേരയിലിരിക്കാനും താൻ യോഗ്യനാണെന്നാണ് കെ.സി.ആർ. കരുതുന്നത്. തെലങ്കാനയിൽ ടി.ആർ.എസിന് പണത്തിന് പഞ്ഞമില്ല. ഇക്കഴിഞ്ഞ നാലുകൊല്ലങ്ങളിൽ കെ.സി.ആറും കുടുംബവും വാരിക്കൂട്ടിയ പണത്തിന് കൈയും കണക്കുമില്ലെന്നാണ് എതിരാളികൾ ആക്ഷേപിക്കുന്നത്. പണം മാത്രമല്ല, ടി.ആർ.എസിന്റെ തുറുപ്പുചീട്ട്. ജനകീയപദ്ധതികളുടെ വലിയൊരു നിരയാണ് തെലങ്കാനയിലെ ജനങ്ങൾക്കുമുന്നിൽ ടി.ആർ.എസ്. ഉയർത്തിപ്പിടിക്കുന്നത്. വാർധക്യപെൻഷനും കർഷകർക്കുള്ള സഹായധനവും കുടിവെള്ളവും 24 മണിക്കൂറും കിട്ടുന്ന വൈദ്യുതിയും വോട്ടായിമാറുമെന്ന കണക്കുകൂട്ടലിലാണ് ടി.ആർ.എസ്. ‘കാലേശ്വരം (80,000 കോടി രൂപയുടെ ജലസേചനപദ്ധതി) വേണമെങ്കിൽ ടി.ആർ.എസിന് വോട്ടുചെയ്യണമെന്നും ശനീശ്വരം വേണമെങ്കിൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്നുമാണ്’ കെ.സി.ആർ. കഴിഞ്ഞദിവസം പറഞ്ഞത്.

കെ.സി.ആറിന്റെ ആത്മവിശ്വാസം വെറുതേയാണെന്ന് കോൺഗ്രസ് നേതാക്കൾപോലും കരുതുന്നില്ലെന്നതാണ് വാസ്തവം. തെലങ്കാനയിൽ നാലുസീറ്റിൽ കോൺഗ്രസിന് സാധ്യതയുണ്ടെന്നാണ് മുൻ കേന്ദ്രമന്ത്രി ജയ്‌പാൽ റെഡ്ഡി പറയുന്നത്. ‘‘പണവും അധികാരവും കെ.സി.ആറിന്റെ കൈയിലാണ്. വളരെ കടുത്തപോരാട്ടത്തിലാണ് ഞങ്ങൾ’’ -ജൂബിലി ഹിൽസിലെ വീട്ടിലിരുന്ന് സംസാരിക്കുമ്പോൾ ജയ്‌പാലിന്റെ വാക്കുകളിൽ നിരാശയുടെ അലയടി തൊട്ടറിയാമായിരുന്നു.

കോൺഗ്രസിന്റെ തകർച്ച

നല്ലൊരു നേതാവില്ലാത്തതുതന്നെയാണ് തെലങ്കാനയിൽ കോൺഗ്രസിന്റെ മുഖ്യപ്രശ്നം. പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡിയെക്കുറിച്ച് പാർട്ടിപ്രവർത്തകർക്ക് വലിയ അഭിപ്രായമൊന്നുമില്ല. കേരളത്തിലെ ഒരു വാർഡ് നേതാവിന്റെ കാര്യശേഷിപോലുമില്ലാത്ത കക്ഷിയാണ് ഉത്തംകുമാർറെഡ്ഡിയെന്ന് ഹൈദരാബാദിൽ വർഷങ്ങളായി താമസിക്കുന്ന ചെന്ത്രാപ്പിന്നി സ്വദേശി സതീഷ്‌കുമാർ പറഞ്ഞു. ‘‘ആന്ധ്രയുടെ വിഭജനം കോൺഗ്രസ് കാണിച്ച ഏറ്റവുംവലിയ മണ്ടത്തരമായിരുന്നു. കൈയിലിരുന്ന ആന്ധ്ര പോവുകയുംചെയ്തു. ഉത്തരത്തിലിരുന്ന തെലങ്കാന ഒട്ട് കിട്ടിയതുമില്ല’’. കോൺഗ്രസിലെ നേതാക്കൾ ടി.ആർ.എസിലേക്ക് കൂറുമാറുന്നത് ഇപ്പോൾ തെലങ്കാനയിൽ പതിവുകാഴ്ചയാണ്.

കോൺഗ്രസിനെ ഉപേക്ഷിക്കുന്ന ഒമ്പതാമത്തെ എം.എൽ.എ.യാണ് ഹർഷവർധൻ റെഡ്ഡി‍. ഇതോടെ 119 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 19-ൽ നിന്ന് പത്തായി കുറഞ്ഞു. 88 സീറ്റാണ് ഡിസംബറിലെ നിയമസഭാതിരഞ്ഞെടുപ്പിൽ ടി.ആർ.എസ്. നേടിയത്. ടി.ഡി.പി., കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് എന്നീ കക്ഷികളിൽനിന്ന് കൂറുമാറിയെത്തിയ എം.എൽ.എ.മാരുൾപ്പെടെ ഇപ്പോൾ ടി.ആർ.എസിന്റെ അംഗബലം നൂറാണ്. കുറച്ച് എം.എൽ.എ.മാരെക്കൂടി കോൺഗ്രസിൽനിന്ന് വലിച്ചെടുത്ത് കൂറുമാറ്റനിരോധനനിയമം മറികടക്കാനാണ് ടി.ആർ.എസ്. ശ്രമിക്കുന്നത്. നിയമസഭയുടെ മൊത്തം അംഗബലത്തിന്റെ പത്തുശതമാനമെങ്കിലും എം.എൽ.എ.മാരില്ലെങ്കിൽ പ്രതിപക്ഷനേതാവിന്റെ പദവി നഷ്ടപ്പെടും. ഈ അപമാനമാണ് ഇപ്പോൾ കോൺഗ്രസിനെ കാത്തിരിക്കുന്ന വലിയൊരു പ്രശ്നം.

2014-ൽ രണ്ടുസീറ്റുകളാണ് കോൺഗ്രസിന് തെലങ്കാനയിൽ കിട്ടിയത്. ഇക്കുറി ഖമ്മമെങ്കിലും കിട്ടിയാൽ കിട്ടിയെന്നുപറയാമെന്നാണ് പേരുവെളിപ്പെടാൻ ആഗ്രഹമില്ലാത്ത ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലുഗുദേശവുമായുള്ള സഖ്യം കോൺഗ്രസിന് നഷ്ടക്കച്ചവടമായി. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിൽ സഖ്യമേതുമില്ലാതെയാണ് കോൺഗ്രസ് മുന്നോട്ടുനീങ്ങുന്നത്. കഴിഞ്ഞതവണ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന സി.പി.ഐ.യും ഇക്കുറി വിട്ടുനിൽക്കുകയാണ്. സി.പി.എമ്മുമായി ചേർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സി.പി.ഐ.യുടെ തീരുമാനം.

ബി.ജെ.പി.ക്കും തെലങ്കാനയിൽ കാര്യമായൊന്നും ചെയ്യാനില്ല. കഴിഞ്ഞതവണ പിടിച്ച സിക്കന്ദരാബാദ് നിലനിർത്താനാവുമോയെന്നാണ് ബി.ജെ.പി. നോക്കുന്നത്. തനിച്ചുമത്സരിക്കുന്ന അവസ്ഥയിൽ അതൊട്ടുംതന്നെ എളുപ്പമല്ലെന്നും ബി.ജെ.പി.ക്കറിയാം. തിരഞ്ഞെടുപ്പിനുശേഷം കെ.സി.ആറിന്റെ പിന്തുണ നേടാനാവുമോയെന്നാണ് വാസ്തവത്തിൽ ബി.ജെ.പി. ഉറ്റുനോക്കുന്നത്. കോൺഗ്രസ്-ബി.ജെ.പി. ഇതര കൂട്ടായ്മയെക്കുറിച്ചാണ് കെ.സി.ആർ. വാചാലനാവുന്നതെങ്കിലും കാര്യത്തോടടുക്കുമ്പോൾ കെ.സി.ആർ. തങ്ങൾക്കൊപ്പം നിലയുറപ്പിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. നേതൃത്വം. പക്ഷേ, കെ.സി.ആറിന് അങ്ങനെ ആരോടും മമതയില്ലെന്നും സ്വന്തംക്ഷേമത്തിനപ്പുറത്ത് മറ്റൊരു രാഷ്ട്രീയവും കെ.സി.ആറിനില്ലെന്നുമാണ് നടിയും കോൺഗ്രസ് നേതാവുമായ വിജയശാന്തി പറയുന്നത്.

കണ്ണീർ വിളയുന്ന ഉള്ളിപ്പാടങ്ങൾ

തെലങ്കാനയിലെ ഉള്ളിപ്പാടങ്ങളിൽ ഇപ്പോൾ കണ്ണീരാണ് വിളയുന്നത്. ഒരുകിലോ ഉള്ളിക്ക് ഏറിയാൽ നാലുരൂപ മാത്രം കിട്ടുമ്പോൾ ഉള്ളിക്കർഷകർക്ക് എങ്ങനെയാണ് ചിരിക്കാനാവുകയെന്ന് സദാശിവപെട്ടിലെ കർഷകൻ ലിംഗാമയ്യ ചോദിക്കുന്നു. സദാശിവപെട്ടിനടുത്ത് കൊണ്ടാപുരിലാണ് ലിംഗാമയ്യയ്ക്ക് ഒരേക്കർ ഉള്ളിപ്പാടമുള്ളത്. മൂന്നുമാസംകൊണ്ട് വിളവെടുക്കാനാവുന്ന കൃഷിയാണ് ഉള്ളി. പക്ഷേ, കഴിഞ്ഞ ഒരുകൊല്ലമായി ഉള്ളിയുടെ വില കുത്തനെ ഇടിയുകയാണ്.

ONION
തെലങ്കാനയില്‍ സദാശിവപെട്ടിയിലെ ഉള്ളിച്ചന്തയിലെ കടയില്‍ കൂട്ടിയിട്ടിരിക്കുന്ന ഉള്ളി മുളച്ച നിലയില്‍

സദാശിവപെട്ടിലെ ഉള്ളിച്ചന്തയിൽ നൂറുകണക്കിന് ലോഡ് ഉള്ളിയാണ് നിത്യേനയെത്തുന്നത്. മൊത്തമായി വാങ്ങുന്നവർക്ക് ഒരു കിലോയ്ക്ക് ആറുരൂപയ്ക്കാണ് ഉള്ളികൊടുക്കുന്നതെന്ന് ചന്തയിലെ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി രമേഷ് പറഞ്ഞു.

ഈ കഷ്ടപ്പാടിനിടയിൽ ലിംഗാമയ്യയെപോലുള്ള കർഷകർക്ക് ആശ്വാസമാവുന്നത് തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനകീയപദ്ധതികളാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ആർക്കാണെന്ന ചോദ്യത്തിന് ലിംഗാമയ്യയ്ക്കും അമ്മ ലക്ഷ്മിക്കും ഒരുത്തരമേയുള്ളൂ: ‘ടി.ആർ.എസിന്‌ തന്നെ’. “ഉള്ളിവിലയുടെ ഇടിവ് ഞങ്ങളെ തളർത്തുന്നുണ്ട്. പക്ഷേ, കെ.സി.ആറിന്റെ ഭരണമാണ് ഞങ്ങളെ ജീവിപ്പിക്കുന്നത്” -ലിംഗാമയ്യ പറഞ്ഞു’’.

content highlights: Telengana loksabha election 2019 analysis