നിസാമാബാദ്: തെലങ്കാനയിലെ നിസാമബാദില്‍ 185 സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സരരംഗത്ത്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാത്തതിലും താങ്ങുവില വര്‍ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കര്‍ഷകര്‍ കൂട്ടത്തോടെ പത്രിക നല്‍കുകയായിരുന്നു. എന്നാലിതൊന്നും പ്രശ്നമല്ലെന്നാണ് സിറ്റിങ് എം.പി കെ. കവിത ഉറച്ചസ്വരത്തില്‍ പറയുന്നത്. ടി.ആര്.എസ് നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിന്റെ മകളുടെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു. ''നിസാമാബാദിലെ സമ്മതിദായകര്‍ പാര്‍ട്ടി ചിഹ്നമായ കാര്‍ തേടിപ്പിടിച്ചു വോട്ടുചെയ്യും. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഞങ്ങള്‍ മറന്നിട്ടില്ല. മഞ്ഞള്‍, ചോളം കര്‍ഷകരുടെ പ്രശ്നങ്ങള്‍ ജനപ്രതിനിധി എന്ന നിലയില്‍ കേന്ദ്രത്തെ ധരിപ്പിച്ചതാണ്. പ്രധാനമന്ത്രിയുടെയും മറ്റു വേണ്ടപ്പെട്ടവരുടെയും ശ്രദ്ധയില്‍ പെടുത്തിയതാണ്. നടപടികള്‍ ഫലപ്രദമായില്ല. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുമെന്ന് ഉറപ്പ്''-തിരക്കിട്ട അവസാനഘട്ട പ്രചാരണത്തിനിടയില്‍ കവിത പറഞ്ഞു.
സ്ഥാനാര്‍ഥികളുടെ എണ്ണം കുത്തനെ കൂടിയതോടെ, ബാലറ്റ് പേപ്പര്‍ വേണ്ടിവരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വോട്ടിങ് യന്ത്രംതന്നെ ഉപയോഗിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഏപ്രില്‍ 11-നാണ് തെലങ്കാനയിലെ വോട്ടെടുപ്പ്.
നാടിന്റെ കവിത
തെലങ്കാനയില്‍ മുഖ്യമന്ത്രി കെ.സി.ആറും മകന് കെ.ടി. രാമറാവുവും കഴിഞ്ഞാല്‍ ജനപ്രിയനേതാവാണ് കെ. കവിത. മുഖ്യമന്ത്രിയുടെ മകള്‍ എന്നതിലുപരി മികച്ച പാര്ലമെന്റേറിയന്, പാര്‍ട്ടിയുടെ ജീവനാഡി, കഴിവുറ്റ സംഘാടക, എല്ലാത്തിലുമുപരി എപ്പോഴും ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവ്- ഇതെല്ലാമാണ് അവര്‍. 2004 മുതലാണ് കവിത ടി.ആര്.എസില്‍ സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങിയത്. അന്നുമുതല്‍ പ്രത്യേക തെലങ്കാന സമരത്തിലും മുന്നിലയിലായിരുന്നു. 41 കാരിയായ കവിത വിദേശവിദ്യാഭ്യാസം നേടി എത്തിയതിനുശേഷം 2003-ല്‍ വിവാഹിതയായി അമേരിക്കക്കു പോയി. ചന്ദ്രശേഖരറാവു ടി.ആര്.എസ്. രൂപവത്കരിച്ച് തെലങ്കാനാസമരം തുടങ്ങിയതോടെയാണ് തിരിച്ചെത്തി പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
തെലങ്കാന ജാഗ്രിതി എന്ന സംഘടനയുടെ പ്രസിഡന്റാണ് അവര്‍. സംസ്ഥാനത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ച ബതുകമ്മക്ക് ആഗോള പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തതും കവിതയാണ്.
1952 മുതല്‍ 12 തവണ കോണ്‍ഗ്രസ് വിജയിച്ച നിസാമാബാദ് ലോക്സഭാമണ്ഡലത്തില്‍ മൂന്നുപ്രാവശ്യം തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.) യും വിജയിച്ചു. 2014-ല്‍ ആദ്യമായാണ് ടി.ആര്.എസ്. വന്‍വിജയം നേടുന്നത്. 1,67,184 വോട്ടിനാണ് കവിത അന്ന് സിറ്റിങ് എം.പി. ആയിരുന്ന എ.ഐ.സി.സി. സെക്രട്ടറികൂടിയായ മധു യാഷ്കി ഗൗഡിനെ തറപറ്റിച്ചത്. മൊത്തം 14,96,593 വോട്ടര്‍മാരുള്ള മണ്ഡലം തെലങ്കാന-മഹാരാഷ്ട്ര അതിര്‍ത്തിയിലാണ്. നിസാമാബാദ് അര്‍ബന്‍, നിസാമാബാദ് റൂറല്‍, ബോധന്, ആര്മൂര്, ബാല്കൊണ്ട, കോരട്ള, ജഗ്തിയാല്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ ലോക്സഭാമണ്ഡലം. ഇക്കുറിയും കവിതയുടെ മുഖ്യഎതിരാളി കോണ്‍ഗ്രസിന്റെ മധു യാഷ്കി ഗൗഡ് തന്നെ. ബി.ജെ.പി. സ്ഥാനാര്‍ഥി ധര്‍മപുരി അരവിന്ദും മത്സരരംഗത്തുണ്ട്. മുന്‍ പി.സി.സി. പ്രസിഡന്റും ഇപ്പോള്‍ ടി.ആര്.എസ്. എം.പി. യുമായ ഡി. ശ്രീനിവാസിന്റെ പുത്രനാണ് അരവിന്ദ്.