ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയപ്പോള്‍ത്തന്നെ തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലം രാജ്യത്തെങ്ങും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലം എന്നതായിരുന്നു നിസാമാബാദിന്റെ സവിശേഷത. വലിയൊരു പ്രതിഷേധത്തിന് തിരഞ്ഞെടുപ്പിനെ വേദിയാക്കുകയായിരുന്നു ഇവിടെ മത്സരിച്ച കര്‍ഷകരായ 176 സ്ഥാനാര്‍ഥികള്‍. ലക്ഷ്യംവെച്ചതുപോലെതന്നെ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നതായി അവരുടെ സ്ഥാനാര്‍ഥിത്വം.

തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കല്‍വകുണ്ഡല കവിതയ്‌ക്കെതിരെയായിരുന്നു മഞ്ഞള്‍ കര്‍ഷകരുടെ പ്രതിഷേധം. ആ പ്രതിഷേധത്തിന് ഫലമുണ്ടായി. മത്സരിച്ച 176 കര്‍ഷക സ്ഥാനാര്‍ഥികള്‍ എല്ലാവരും കൂടി നേടിയത് ഒരു ലക്ഷത്തോളം വോട്ടുകളാണ്. ബിജെപിയുടെ ഡി. അരവിന്ദിനോട് എഴുപതിനായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ട കവിത കര്‍ഷക രോഷത്തിന് മുന്നില്‍ അടിപതറി

തെലങ്കാനയിലെ മഞ്ഞള്‍ കര്‍ഷകരുടെ ഈ പകവീട്ടലിന് ഏറെക്കാലത്തെ പ്രതിഷേധത്തിന്റെയും ഗത്യന്തരമില്ലായ്മയുടെയും പശ്ചാത്തലമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മഞ്ഞള്‍ കര്‍ഷക മേഖലയാണ് നിസമാബാദ്. വിളനാശത്തിന്റെയും വിലയില്ലായ്മയുടെയും ഉദ്പാദന ചിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവിന്റെയും പേരില്‍ ഏറെക്കാലമായി തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് ഇവിടുത്തെ മഞ്ഞള്‍ കാര്‍ഷിക മേഖല. 

kavitha

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ന്യായ വില ഉറപ്പുവരുത്തുന്നതിനും മഞ്ഞള്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്ന്  കര്‍ഷകര്‍ ഏറെ നാളുകളായി ആവശ്യമുന്നയിച്ചുവരികയായിരുന്നു. എന്നാല്‍ അത് ചെവിക്കൊള്ളാന്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്ന് അവര്‍ നിലപാടെടുത്തു. ഫലത്തില്‍, മഞ്ഞള്‍ കര്‍ഷകരുടെ ആവശ്യങ്ങളൊന്നും യാഥാര്‍ഥ്യമായില്ല.

ഒടുവില്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സര്‍ക്കാരുകളുടെ കണ്ണു തുറപ്പിക്കാനും അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത്. അതിനായി അവര്‍ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ മകള്‍ മത്സരിക്കുന്ന നിസാമാബാദ് ലോക്‌സഭാ മണ്ഡലം തന്നെയാണ്. തങ്ങളുടേതായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്നതിനു പകരം 185 കര്‍ഷകരാണ് നാമനിര്‍ദേശപത്രിക നല്‍കിയത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇതില്‍ 176 പേരുടെ പത്രികകള്‍ സ്വീകരിക്കപ്പെട്ടു. 

തുടക്കത്തില്‍ കര്‍ഷകരുടെ കൂട്ടത്തോടെയുള്ള സ്ഥാനാര്‍ഥിത്വം എതിരാളികള്‍ കാര്യമായെടുത്തില്ല. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധം ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും രാജ്യശ്രദ്ധ നേടുകയും ചെയ്തു. കളി കാര്യമാകുമെന്ന് മനസ്സിലാക്കിയ ടിആര്‍എസ് നേതൃത്വം കര്‍ഷകരെ സമീപിക്കുകയും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ വിശ്വസനീയമായ ഒരു ഉറപ്പ് ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പിന്‍മാറിയില്ല.

തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ട 2014 മുതല്‍ തെലങ്കാനയുടെ മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസിന്റെ ഉറച്ച കോട്ടയായിരുന്നു നിസാമാബാദ്. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ ടിആര്‍എസിന് സാധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിസമാബാദില്‍ മകള്‍ കവിതയ്ക്ക് എളുപ്പത്തില്‍ വിജയം നേടാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ആ പ്രതീക്ഷയാണ് കര്‍ഷകരുടെ പ്രതിഷേധാഗ്നിയില്‍ കത്തിയമര്‍ന്നത്.

ടിആര്‍എസ് സ്ഥാനാര്‍ഥി കല്‍വകുണ്ഡല കവിത നേടിയത് 409709 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി അരവിന്ദ് ധര്‍മപുരിക്ക് 480584 വോട്ടുകള്‍ കിട്ടി. ഭൂരിപക്ഷം 70875 വോട്ടുകള്‍. കര്‍ഷകരെല്ലാവരും കൂടി നേടിയത് 98,000 വോട്ടുകളാണ് എന്നറിയുമ്പോഴാണ് കവിതയുടെ പരാജയത്തില്‍ കര്‍ഷകരുടെ സ്ഥാനാര്‍ഥിത്വം എത്രത്തോളം നിര്‍ണായകമായി എന്ന് മനസ്സിലാകുക. കര്‍ഷക സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് വി. ലച്ചണ്ണയാണ്- 6,096 വോട്ട്. ഇരുപത് പേര്‍ ആയിരത്തിനും മൂവായിരത്തിനും ഇടയില്‍ വോട്ടുകള്‍ നേടി. ബാക്കിയുള്ളവര്‍ മൂന്നക്കത്തില്‍ കുറയാത്ത വോട്ടുകളും നേടി. മഞ്ഞള്‍ കര്‍ഷകരുടെ പ്രതിഷേധം ഇല്ലായിരുന്നെങ്കില്‍ നിസാമാബാദില്‍ കവിതയുടെ വിജയം ഉറപ്പായിരുന്നു എന്നു സാരം.

ജനാധിപത്യത്തിന്‍റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ അധികാര രാഷ്ട്രീയത്തിന് തിരിച്ചടി കൊടുക്കുകയായിരുന്നു തെലങ്കാനയിലെ കര്‍ഷകര്‍. കര്‍ഷകരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന, അധികാരംകൊണ്ട് കണ്ണ് മഞ്ഞളിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ള താക്കീതായി മാറി ഈ മഞ്ഞള്‍ കര്‍ഷകരുടെ പ്രതിഷേധം.

Content Highlights: Telangana turmeric farmers, Kalvakuntla Kavitha, K Chandrashekar Rao, TRS, lok sabha election 2019