ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.) രൂപവത്കരിച്ചിട്ട് മാര്‍ച്ച് 28-ന് 37 വര്‍ഷം പിന്നിടുകയാണ്. പുതിയ പാര്‍ട്ടി രൂപവത്കരിച്ച് ഒമ്പതുമാസത്തിനകം ആ സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഏകപാര്‍ട്ടി എന്ന റെക്കോഡ് മുതല്‍ അനേകം നേട്ടങ്ങള്‍ കൈവരിക്കുകയും ദേശീയരാഷ്ട്രീയത്തിന്റെതന്നെ ദിശ മാറ്റുകയുംചെയ്ത പാര്‍ട്ടി. അവിഭക്ത ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഏറ്റവും ശക്തമായ പ്രാദേശികപാര്‍ട്ടിയായി വളര്‍ന്ന ടി.ഡി.പി. പല കേന്ദ്ര സഖ്യസര്‍ക്കാരിലും ഭാഗമായിരുന്നു; നരേന്ദ്രമോദി സര്‍ക്കാരിലുള്‍പ്പെടെ. പക്ഷേ, ചിത്രം മാറി. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ടി.ഡി.പി. മത്സരിക്കില്ലെന്ന് തീരുമാനിച്ചു. തെലങ്കാനയില്‍ അണികള്‍ നഷ്ടപ്പെട്ട ടി.ഡി.പി.ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുയോജ്യരായ സ്ഥാനാര്‍ഥികളില്ലെന്നതാണ് കാര്യം. ഉള്ള നേതാക്കളൊക്കെ ആന്ധ്രയിലെ അസംബ്ലി, ലോക്സഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്. ആന്ധ്രയില്‍ ഭരണകക്ഷിയെങ്കിലും ടി.ഡി.പി. നേരിടുന്നത് ശക്തരായ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെയാണ്. കടുത്ത പോരാട്ടമാണ് ആന്ധ്രയില്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തെലങ്കാനയില്‍ ശ്രദ്ധിക്കാന്‍ ടി.ഡി.പി. നേതാക്കള്‍ക്ക് സമയമില്ല.
 
തെലങ്കാനയില്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ച ടി.ഡി.പി., പക്ഷേ, പിന്തുണനല്‍കുന്നത് ഒരിക്കല്‍ ജന്മശത്രുവെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിനാണ്. തെലുങ്കിലെ നിത്യഹരിതനായകനായിരുന്ന എന്‍.ടി. രാമാറാവു 1982 മാര്‍ച്ച് 28-ന് ടി.ഡി.പി. രൂപവത്കരിച്ചതുതന്നെ കോണ്‍ഗ്രസിന്റെ നയങ്ങളെ എതിര്‍ത്തുകൊണ്ടായിരുന്നു. കോണ്‍ഗ്രസാണ് മുഖ്യ എതിരാളിയെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടിസ്ഥാപകനായ എന്‍.ടി.ആറും പിന്നീട് പാര്‍ട്ടിയെ നയിച്ച ചന്ദ്രബാബുനായിഡുവും പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ടി.ഡി.പി.യും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരവും. അതേ എതിരാളിക്കുതന്നെ പിന്തുണ നല്‍കേണ്ട ഗതിയാണ് തെലങ്കാനയില്‍ ടി.ഡി.പി.ക്ക്. വന്നിരിക്കുന്നത്.
 
ഇപ്പോള്‍ ടി.ഡി.പി.യുടെ മുഖ്യ എതിരാളികള്‍ ടി.ആര്‍.എസും ബി.ജെ.പി. യുമാണ്. തെലങ്കാനയിലെ ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ടി.ആര്‍.എസിനെതിരേ കോണ്‍ഗ്രസും സി.പി.ഐ.യും ടി.ജെ.എസും ചേര്‍ന്ന് മഹാസഖ്യമായി മത്സരിച്ചു. പക്ഷേ, വന്‍ പരാജയമായിരുന്നു ഫലം. ടി.ഡി.പി.ക്ക് ലഭിച്ചത് രണ്ടുസീറ്റുമാത്രം. ആ രണ്ട് എം.എല്‍.എ.മാരും ഇപ്പോള്‍ ടി.ആര്‍.എസില്‍ ചേരുകയാണ്.
 
ടി.ഡി.പി.ക്ക് തെലങ്കാനയില്‍ പ്രതീക്ഷയുണ്ടായിരുന്ന ഏകമണ്ഡലം ആന്ധ്രാ അതിര്‍ത്തിയിലെ ഖമ്മം ആണ്. അവിടത്തെ സ്ഥാനാര്‍ഥിയാകേണ്ട ടി.ഡി.പി. പൊളിറ്റ്ബ്യുറോ അംഗം നാമാ നാഗേശ്വരറാവു ഒറ്റരാത്രികൊണ്ട് പാര്‍ട്ടിമാറി ടി.ആര്‍.എസില്‍ ചേര്‍ന്ന് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി. ഇതോടെ ടി.ഡി.പി.യുടെ ഒരേയൊരു പ്രതീക്ഷയും ഇല്ലാതായി. തെലങ്കാനയില്‍ ടി.ആര്‍.എസിനും ബി.ജെ.പി. ക്കുമെതിരേ മത്സരിക്കുന്ന കോണ്‍ഗ്രസ് സി.പി.ഐ.യുടെയും ടി.ജെ.എസിന്റെയും പിന്തുണ അഭ്യര്‍ഥിച്ചിട്ടുണ്ട്.
 
Content Highlights: TDP, Telugu Desam Party (TDP),TDP will not contest in Telangana, Loksabha Election 2019