ഹൈദരാബാദ്: ബഞ്ചാരഹൗസിലെ വീട്ടിൽ കാണുമ്പോൾ രേണുകാ ചൗധരി ആശ്വാസത്തിലായിരുന്നു. ആ ആശ്വാസം കോൺഗ്രസ് പാർട്ടിക്കുമുണ്ട്. കാരണം മറ്റൊന്നുമല്ല, പ്രമുഖ നേതാക്കളും എം.എൽ.എ.മാരും തങ്ങളുടെ പക്ഷത്തുനിന്ന്‌ കൂട്ടത്തോടെ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസിലേക്ക് ചേക്കേറുന്നതിൽ പതറുകയാണ് കോൺഗ്രസ്. സമീപകാലത്ത് രാഷ്ട്രീയത്തിൽ അത്ര സജീവമല്ലായിരുന്നു രേണുക. പാർട്ടി വിട്ടേക്കുമെന്നുവരെ അഭ്യൂഹങ്ങൾ പരന്നിരുന്നു. അപ്പോഴാണ് ഖമ്മം മണ്ഡലത്തിലെ സ്ഥാനാർഥിയായി കോൺഗ്രസ് രേണുകയെ പ്രഖ്യാപിക്കുന്നത്.

‘പാർട്ടിയിൽ ആയാറാം ഗയാറാം കാലമാണിത്. പലരും കൂടുവിട്ടുപോയി. ഞാൻ അത്തരമൊരു നീക്കത്തിന് മുതിരില്ലെന്ന് വിശ്വസിച്ചതിന് പാർട്ടിയോട് കടപ്പെട്ടവളാണ്’ -രേണുക പറഞ്ഞു.

1984-ൽ ടി.ഡി.പി.യിലൂടെയാണ്‌ രേണുക രാഷ്ട്രീയത്തിലെത്തിയത്‌, പിന്നെ കോൺഗ്രസ് ആയി. ആരെയും കൂസാത്ത രേണുകാചൗധരി എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ‘തീപ്പൊരി’ ആയിരുന്നു രേണുക. ദേവഗൗഡ മന്ത്രിസഭയിലും യു.പി.എ. സർക്കാരിലുമായി ആരോഗ്യം, കുടുംബക്ഷേമം, വിനോദസഞ്ചാരം, വനിതാ ശിശുക്ഷേമം തുടങ്ങി പല വകുപ്പുകളും കൈകാര്യംചെയ്തു. 2009-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഖമ്മത്തുനിന്ന്‌ പരാജയപ്പെട്ടതിനുശേഷം 2012-ൽ രേണുക രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ കാലാവധി കഴിഞ്ഞതോടെ സജീവരാഷ്ട്രീയത്തിൽനിന്ന് ഒതുങ്ങിനിൽക്കുകയായിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പുപോരും അതിന് കാരണമായി.

1986-ലും 1992-ലും ടി.ഡി.പി.യിൽനിന്ന്‌ രാജ്യസഭാംഗമായി. ചന്ദ്രബാബുവിനോട് തെറ്റിപ്പിരിഞ്ഞ്‌ 1998-ൽ കോൺഗ്രസിൽ ചേർന്നു. 1999-ലും 2004-ലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു.

2004-ലും 2009-ലും ഖമ്മം മണ്ഡലത്തിൽ ഇതേ നാമാ നാഗേശ്വരറാവു തന്നെയായിരുന്നു രേണുകയുടെ മുഖ്യ എതിരാളി. 2004-ൽ രേണുകാചൗധരി ഒരുലക്ഷത്തിൽപ്പരം വോട്ടിനാണ് വ്യവസായപ്രമുഖൻകൂടിയായ ടി.ഡി.പി.യിലെ നാമാ നാഗേശ്വര റാവുവിനെ പരാജയപ്പെടുത്തിയത്. 2009 -ൽ നാമാ നാഗേശ്വരറാവു രേണുകാ ചൗധരിയെ 1.20 ലക്ഷം വോട്ടിന്‌ തറപ്പറ്റിച്ചു. 2014-ൽ ഖമ്മത്ത് രേണുക മത്സരത്തിനുണ്ടായില്ല. വൈ.എസ്.ആർ.കോൺഗ്രസിലെ പോങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി ടി.ഡി.പി. സ്ഥാനാർഥിയായിരുന്ന നാമാ നാഗേശ്വരറാവുവിനെ 12,204 വോട്ടിന്‌ തോൽപ്പിച്ചു. ശ്രീനിവാസ റെഡ്ഡി പിന്നീട് 2016 -ൽ ടി.ആർ.എസിൽ ചേർന്നു. നാമാ നാഗേശ്വരറാവു ആകട്ടെ സ്ഥാനാർഥിനിർണയ സമയത്താണ് ടി.ആർ.എസിലേക്ക്‌ കുറുമാറിയത്. ശ്രീനിവാസ റെഡ്ഡി സിറ്റിങ്‌ എം.പി. ആയിട്ടും ഖമ്മത്തുനിന്ന്‌ കെ.സി.ആറിന്റെ നറുക്ക് ഇക്കുറിവീണത് നാമാ നാഗേശ്വര റാവുവിനായിരുന്നു. ഈ സീറ്റ് ആഗ്രഹിച്ചിരുന്ന കോൺഗ്രസ് സെക്രട്ടറിയും മുൻ എം.എൽ.സി.യുമായ പി. സുധാകർ റെഡ്ഡി പാർട്ടി വിട്ട് ബി.ജെ.പി.യിൽ ചേർന്നു.

രേണുക വീണ്ടും വന്നതോടെ പ്രമുഖ സ്ഥാനാർഥിയെത്തിയ ആവേശമുണ്ട് കോൺഗ്രസുകാർക്ക്. ജനങ്ങൾ തന്നോടൊപ്പമുണ്ട്, അതുകൊണ്ട് വിജയം ഉറപ്പെന്ന് രേണുക പറഞ്ഞു. പാർട്ടിക്കകത്ത് വിവിധ അഭിപ്രായങ്ങളുണ്ടാവും. അത് വിജയത്തെ ബാധിക്കില്ല. ഖമ്മത്തിനുവേണ്ടി ആരും പാർലമെൻറിൽ ശബ്ദം ഉയർത്തിയില്ല. ചർച്ചചെയ്യേണ്ടതില്ല. കൂറുമാറിയവർ ജനങ്ങളെയും പാർട്ടിയെയും വഞ്ചിച്ചു. യാതൊരു മൂല്യങ്ങളുമില്ലാതെയാണ് ടി.ആർ.എസും ബി.ജെ.പി.യും പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് വക്താവുകൂടിയായുന്ന രേണുക പറഞ്ഞു.

തെലങ്കാന-ആന്ധ്ര അതിർത്തിയിലുള്ള മണ്ഡലമാണ് ആന്ധ്രക്കാർ നല്ലൊരുവിഭാഗം അധിവസിക്കുന്ന ഖമ്മം. അതിനാൽ അവരുടെ, പ്രത്യേകിച്ച് കമ്മജാതിക്കാരുടെ (ചൗധരി) വോട്ടിലാണ് രേണുകയുടെ സാധ്യത. എന്നും കോൺഗ്രസിന്റെ കോട്ടയായിരുന്നു ഖമ്മം മണ്ഡലം. ആദ്യത്തെ രണ്ടുതവണയൊഴിച്ച് 11 പ്രാവശ്യം കോൺഗ്രസ് ഖമ്മം മണ്ഡലത്തിൽനിന്ന്‌ വിജയിച്ചിട്ടുണ്ട്.

കോൺഗ്രസ് സ്ഥാനാർഥിക്ക്‌ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ടി.ഡി.പി.യുടെയും സി.പി.ഐ. യുടെയും തെലങ്കാന ജനസമിതിയുടെയും പിന്തുണയുണ്ട്. സി.പി.എമ്മും ഇവിടെ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട് -ബി. വെങ്കട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച വൈ.എസ്.ആർ. കോൺഗ്രസ് ഇക്കുറി ടി.ആർ.എസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നതാണ് രസകരമായ കാര്യം. പ്രതീക്ഷയോടെ ഇവിടെ ബി.ജെ.പി.യുടെ വാസുദേവറാവുവും മത്സരിക്കുന്നുണ്ട്.