ഹൈദരാബാദ്: തെലങ്കാനയിൽ പ്രചാരണം സമാപിക്കാൻ ഇനി ഏഴുദിവസം മാത്രം. ടി.ഡി.പി.യും വൈ.എസ്.ആർ. കോൺഗ്രസും മത്സരരംഗത്തുനിന്ന് മാറിയതോടെ തെലങ്കാനയിൽ ടി.ആർ.എസും കോൺഗ്രസും തമ്മിലായി നേരിട്ടുള്ള മത്സരം. ചില സീറ്റുകളിൽ ബി.ജെ.പി.യും രംഗത്തുണ്ട്.

ഒരാഴ്ചമാത്രം ബാക്കിനിൽക്കെ മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രധാനപാർട്ടികൾ ഒന്നുംതന്നെ ആവേശകരമായി പ്രചാരണരംഗത്തില്ല.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ 17 സീറ്റുകളിൽ ടി.ആർ.എസ്‌. 11-ഉം കോൺഗ്രസ് 2-ഉം ടി.ഡി.പി., വൈ.എസ്.ആർ. കോൺഗ്രസ്, ബി.ജെ.പി., മജ്‍ലിസ് പാർട്ടികൾ ഓരോ സീറ്റുകളിലുമാണ് വിജയിച്ചത്. ഇക്കുറി മജിലിസിന്റെ ഒരു സീറ്റ് ഒഴിച്ച് ബാക്കി 16-ഉം ടി.ആർ.എസ്‌ നേടുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി.ആർ. പക്ഷേ, സെക്കന്തരാബാദ്, മൽകാജ്ഗിഗിരി, ചെവെല്ല, ഖമ്മം, നൽഗൊണ്ട സീറ്റുകളിൽ കോൺഗ്രസിന് ശുഭപ്രതീക്ഷയുണ്ട്. ബി.ജെ.പി.ക്ക്‌ പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് മെഹബൂബ്‌നഗറും സെക്കന്തരാബാദും.

മൂന്നുമാസംമുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 119-ൽ വെറും 19 സീറ്റ് ലഭിച്ച കോൺഗ്രസിന് ഇപ്പോഴുള്ളത് 10 എം.എൽ.എ.മാർ മാത്രമാണ്. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച്‌ എം.എൽ.എ. ആയ 19-ൽ ഒമ്പതുപേരും മറുകണ്ടം ചാടിയത്‌ പാർട്ടി നേതൃത്വത്തിന്റെ പാപ്പരത്വം വിളിച്ചോതുന്നു. അങ്ങനെയെങ്കിൽ ഇവരെപ്പോലുള്ള സ്ഥാനാർഥികൾക്ക് എന്തിന് വോട്ടുചെയ്യണം എന്ന വോട്ടർമാരുടെ ആശങ്ക നിലനിൽക്കുന്നു.

ഏതായാലും അടുത്തദിവസങ്ങൾ തെലങ്കാനയിലെ പാർട്ടികൾക്ക് നിർണായകമാണ്.

Content Highlights: loksabha election-telangana