തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ ടി ആര്‍ എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിതയെ യഥാര്‍ഥത്തില്‍ പരാജയപ്പെടുത്തിയത് ആരാണ്?ചൂണ്ടുവിരല്‍ ഉയരുന്നത് ടി ആര്‍ എസിന്റെ രാജ്യസഭാ അംഗം ധര്‍മപുരി ശ്രീനിവാസ് എന്ന ഡി ശ്രീനിവാസിനെതിരെയാണ്. ഇതിന് കാരണവുമുണ്ട്. 

ബി ജെ പിയുടെ ഡി അരവിന്ദാണ് നിസാമാബാദില്‍ കവിതയെ പരാജയപ്പെടുത്തിയത്. ഡി ശ്രീനിവാസന്റെ മകനാണ് അരവിന്ദ്. ശ്രീനിവാസനും മകന്‍ സഞ്ജയും ടി ആര്‍ എസിനൊപ്പം ചേര്‍ന്നപ്പോള്‍ മറ്റൊരു മകനായ അരവിന്ദ് ബി ജെ പിയില്‍ ചേരുകയായിരുന്നു. നിസാമാബാദിലെ പ്രമുഖനേതാക്കളില്‍ പ്രധാനിയാണ് ശ്രീനിവാസ്. 2015ല്‍ ടി ആര്‍ എസില്‍ എത്തുന്നതിനു മുമ്പ് കോണ്‍ഗ്രസിലായിരുന്നു ഇദ്ദേഹം. സംസ്ഥാനം കോണ്‍ഗ്രസ് ഭരണത്തിലായിരിക്കെ ആന്ധ്രാ പ്രദേശ് പി സി സി അധ്യക്ഷ പദവിയും ശ്രീനിവാസ് വഹിച്ചിട്ടുണ്ട്. അരവിന്ദിന്റെ പ്രചാരണത്തില്‍ ശ്രീനിവാസ് രഹസ്യപങ്കു വഹിച്ചിട്ടുണ്ടെന്നാണ് കവിതയുടെ അനുയായികള്‍ ആരോപിക്കുന്നത്. 

ശ്രീനിവാസന്റെ കുടുംബവും കവിതയും തമ്മിലുള്ള ബന്ധം എപ്പോഴും കല്ലുകടി നിറഞ്ഞതായിരുന്നു. പലപ്പോഴും ശ്രീനിവാസനെതിരെ പരസ്യമായി കവിത രംഗത്തെത്തിയിട്ടുണ്ട്. ശ്രീനിവാസ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് കുറച്ചുമാസങ്ങള്‍ക്കു മുമ്പ് കവിത ആരോപിച്ചിരുന്നു. ശ്രീനിവാസിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാനും അന്ന് കവിത ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ചന്ദ്രശേഖര്‍ റാവു നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. അതിനിടയ്ക്ക് കോണ്‍ഗ്രസിലേക്ക് ഉടനേ തന്നെ തിരിച്ചുപോകുമെന്ന് ശ്രീനിവാസ് പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനിവാസ് കോണ്‍ഗ്രസിലേക്ക് പോയില്ലെങ്കിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പലരും പാര്‍ട്ടിയിലേക്ക് തിരികെ പോയി. 

അരവിന്ദിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ നിസാമാബാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശ്രീനിവാസ് സ്വാധീനം ചെലുത്തിയെന്നാണ് കവിതയുടെ അനുയായികള്‍ വിശ്വസിക്കുന്നത്. നിസാമാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുയക്ഷിയുടെ പ്രചാരണം ഏറെക്കുറേ നിശ്ശബ്ദമായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്നാണ് കവിതയെ പരാജയപ്പെടുത്തിയതെന്നാണ് ടി ആര്‍ എസ് പറയുന്നത്. 

നിസാമാബാദില്‍ കവിതയുടെ പരാജയത്തിനു പിന്നില്‍ മഞ്ഞള്‍ കര്‍ഷകരുടെ പ്രതിഷേധവുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മഞ്ഞള്‍ കര്‍ഷകമേഖലാണ് നിസാമാബാദ്. വിളനാശവും വിലയില്ലായ്മയും കൊണ്ട് പൊറുതിമുട്ടുകയാണ് ഇവിടുത്തെ കര്‍ഷകര്‍. ന്യായവില ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി മഞ്ഞള്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും കെ സി ആറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറായില്ല. 

തുടര്‍ന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. അതിനായി കെ സി ആറിന്റെ മകള്‍ മത്സരിച്ച നിസാമാബാദ് തിരഞ്ഞെടുത്തു. 176 കര്‍ഷകരാണ് നിസാമാബാദില്‍ മത്സരത്തിനിറങ്ങിയത്. കെ സി ആറും പാര്‍ട്ടിയും കര്‍ഷകപ്രതിഷേധത്തിന്റെ ചൂടറിഞ്ഞത് വോട്ട് എണ്ണിയപ്പോഴാണ്. 409709 വോട്ടുകളാണ് കവിതയ്ക്ക് കിട്ടിയത്. ബി ജെ പി സ്ഥാനാര്‍ഥി അരവിന്ദ് ധര്‍മപുരിക്ക് 480584 വോട്ടുകള്‍ കിട്ടി. അരവിന്ദിന്റെ ഭൂരിപക്ഷം 70875വോട്ട്. കര്‍ഷകസ്ഥാനാര്‍ഥികളെല്ലാം കൂടി നേടിയത് 98,000 വോട്ടുകളും. മഞ്ഞള്‍ കര്‍ഷകര്‍ നേടിയ വോട്ടുകളും കവിതയുടെ പരാജയത്തില്‍ നിര്‍ണായകമായെന്ന് ഇതില്‍നിന്ന് വ്യക്തമാകും.

കടപ്പാട്: www.newindianexpress.com

content highlights: k chandrasekhar rao's daughter k kavitha defeated in nizamabad