ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഗാന്ധി ഘാതകനായ നാഥൂറാം ഗോഡസെയാണെന്ന് മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസന്. അറവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥൂറാം ഗോഡ്സെയെന്നാണെന്നും കമല്ഹാസന് പറഞ്ഞു. മുസ്ലീങ്ങള്‍ നിരവധി ഉള്ള സ്ഥലമായതുകൊണ്ടല്ല താനിതു പറയുന്നതെന്നും കമല്‍ ഹാസന് വിശദീകരിച്ചു. മക്കള്‍ നീതിമയ്യം സ്ഥാനാര്‍ഥി എസ് മോഹന്‍ രാജിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. ഭരണ കക്ഷിയായ എഐഎഡിഎംകെയ്ക്കും പ്രതിപക്ഷ കക്ഷിയായ ഡിഎംകെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ വക്കിലാണ് തമിഴ്നാടെന്നും കമല്‍ ഹാസന് പറഞ്ഞു.
അവര്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദ്രാവിഡ പാര്‍ട്ടികളും തെറ്റുകള്‍ തിരുത്താനോ അതില്‍നിന്ന് പഠിക്കാനോ തയ്യാറായിട്ടില്ലെന്നും കമല്‍ കുറ്റപ്പെടുത്തി.
നല്ലൊരു ഇന്ത്യക്കാരന് തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയില്‍ മൂന്ന് നിറങ്ങളും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാന്‍ മടിയില്ല- കമല്‍ ഹാസന് പറഞ്ഞു.
മെയ് 19 നാണ് അരവകുറിച്ചി ഉള്‍പ്പെടെയുള്ള നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഡിഎംകെ- എഐഎഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പാണിത്.
Content Highlights: The first terrorist post India's independence is a Hindu. -say Kamal Hasasn