മറീനയിലെ ശവകുടീരത്തില്‍ കിടന്ന് ജയലളിതയുടെ ആത്മാവ് ഞെരിപിരികൊള്ളുന്നുണ്ടാവണം. പ്രധാനമന്ത്രി നരേന്ദ്ര മോദി എഐഎഡിഎംകെയ്ക്ക് ഡാഡിയെപ്പോലെയാണെന്ന തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജിയുടെ വാക്കുകള്‍  ജയലളിത വളര്‍ത്തി വലുതാക്കിയ ആ പാര്‍ട്ടി ഇന്നെവിടെയാണെത്തി നല്‍ക്കുന്നതിന്റെ നേര്‍ചിത്രമാണ്. ഉത്തരേന്ത്യന്‍ അധീശത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പായിരുന്നു ദ്രവീഡിയന്‍ പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. ഇന്ത്യയെ ഒരു ഫെഡറല്‍ കൂട്ടായ്മയായി നിലനിര്‍ത്തിയത് ഭരണഘടന മാത്രമല്ല തമിഴകത്തെ തലയെടുപ്പുള്ള പാര്‍ട്ടികളും നേതാക്കളും കൂടിയായിരുന്നു. 

ദ്രാവിഡ നാട് എന്ന ആശയം ഉപേക്ഷിച്ചപ്പോഴും തമിഴകത്തിന്റെയും ദക്ഷിണേന്ത്യയുടെയും സാംസ്‌കാരിക അസ്തിത്വം ആര്‍ക്കും അടിയറ വെയ്ക്കില്ലെന്ന് അണ്ണാദുരൈ തറപ്പിച്ച് പ്രഖ്യാപിച്ചിരുന്നു. എം ജി ആറും കരുണാനിധിയും ജയലളിതയും ഈ വഴിയലൂടെ തന്നെയാണ് നടന്നത്. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമിടയില്‍ വിയോജിപ്പിന്റെ ഭൂമിക വളരെ വലുതായിരുന്നു. പക്ഷേ, ആത്മാഭിമാനം പണയം വെച്ചുള്ള ഒരു കളിക്കും ഇരു പാര്‍ട്ടികളും ഒരിക്കലും തയ്യാറായിരുന്നില്ല.

അമ്മ നഷ്ടപ്പെട്ട എഐഎഡിഎംകെയെ ഇനിയിപ്പോള്‍ ഡാഡി നയിക്കുമെന്നാണ് ബാലാജി പറഞ്ഞത്. ദ്രവീഡിയന്‍ പ്രസ്ഥാനങ്ങളുടെ സമസ്ത ഓര്‍മ്മകളും ബലികൊടുത്തുകൊണ്ടുള്ള ഈ പ്രസ്താവന എഐഎഡിഎംകെ നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. 56 ഇഞ്ച് നെഞ്ചളവുള്ള ആ വിശിഷ്ട നേതാവ് ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന ഒരു നേതാവുണ്ടായിരുന്നെങ്കില്‍ അത് ജയലളിതയായിരുന്നു. ജയലളിതയെ കാണാന്‍ മോദി പലപ്പോഴും ചെന്നൈയിലേക്കാണ് വന്നിരുന്നത്.
     
2014 ലെ തിരഞ്ഞെടുപ്പില്‍ ജയലളിത ലക്ഷ്യമിട്ടിരുന്നത് ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ അധികാര പീഠമായിരുന്നു. സഖ്യത്തിനായുള്ള ബിജെപിയുടെ ചരടുവലികളൊക്കെ തന്നെ നിഷ്‌കരുണം ഭേദിച്ചുകൊണ്ടാണ് അന്ന് ജയലളിത  തമിഴകത്തെ 39 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ചെങ്കോട്ട പിടിക്കും റെയില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു അന്ന് എഐഎഡിഎംകെയുടെ പോരാട്ടം. ചെന്നൈയിലെ തെരുവായ തെരുവുകളിലൊക്കെതന്നെ പാര്‍ലമെന്റിന്റെ പശ്ചാത്തലത്തില്‍ വിജയശ്രീലാളിതയായി നില്‍ക്കുന്ന ജയലളിതയുടെ കൂറ്റന്‍ ഫ്‌ളെക്സുകള്‍ നിറഞ്ഞു നിന്നു.  39 ല്‍ 37 ഉം ജയലളിതയുടെ പാര്‍ട്ടി പിടിക്കുകയും ചെയ്തു. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, ജയലളിത ചെങ്കോട്ടയിലെ കസേരയിലിരിക്കുന്ന കാഴ്ച രാഷ്ട്രം കാണുകയും ചെയ്യുമായിരുന്നു. ബിജെപിയും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ ലോക്സഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി എഐഎഡിഎംകെ മാറുകയും ചെയ്തു.

modi and aiadmk

2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് ജയലളിത ഉയര്‍ത്തിയ ഒരു ചോദ്യം രസകരമായിരുന്നു. ''ഗുജറാത്തിലെ മോദിയാണോ തമിഴകത്തെ ലേഡിയാണോ കൂടുതല്‍ മികച്ച ഭരണാധികാരി ?'' ലേഡി, ലേഡി എന്ന് ജനം ആര്‍ത്തുവിളിച്ചപ്പോള്‍ ജയലളിത ഒന്നുകൂടി ആവേശഭരിതയായി'' എല്ലാ മേഖലകളിലും ഗുജറാത്തിലെ മോദിയേക്കാള്‍ മികച്ച ഭരണം കാഴ്ചവെയ്ക്കുന്നത് ഈ ലേഡിയാണ്. '' അന്ന് തമിഴകം നടത്തിയ വിധിയെഴുത്ത് ജയലളിതയുടെ ഈ അവകാശവാദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. മോദിയും ലേഡിയുമല്ല തന്റെ ഡാഡിയാണ് കൂടുതല്‍ മികച്ച ഭരണാധികാരി എന്ന എംകെ സ്റ്റാലിന്റെ വാക്കുകള്‍ അന്ന് തമിഴക മക്കള്‍ കാര്യമായി എടുത്തില്ല.

ജയലളിതയുടെ മരണം തമിഴകം പിടിക്കുന്നതിനുള്ള അവസരമായാണ് ബിജെപി കണ്ടത്. ദക്ഷിണേന്ത്യയില്‍ ആര്‍ എസ് എസ്സിനും ബിജെപിക്കും ഏറ്റവും വേരോട്ടം കുറഞ്ഞ മണ്ണാണ് തമിഴകത്തേത്. അവിടെ ജയലളിതയില്ലാത്ത എഐഎഡിഎംകെ ബിജെപിക്ക്  പ്രലോഭനമായതില്‍ അത്ഭുതമില്ല. ശശികലയുടെ മണ്ണാര്‍കുടി കുടുംബമായിരുന്നു ഈ ലക്ഷ്യത്തില്‍ ബിജെപിയുടെ വലിയൊരു കടമ്പ. 2011 ല്‍ കുറച്ചു കാലത്തേക്ക് ശശികലയെ ജയലളിത പാര്‍ട്ടിയില്‍ നിന്നും പോയസ്ഗാര്‍ഡനിലെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. 

ജയലളിതയ്ക്ക് ബന്ധമുണ്ടായിരുന്ന പല കമ്പനികളിലും ശശികല വഹിച്ചിരുന്ന ഡയറക്ടര്‍ പദവികളിലേക്ക് ചോ രാമസ്വാമിയെയാണ് അന്ന് ജയലളിത പകരം കൊണ്ടു വന്നത്. ജയലളിതയ്ക്ക് ശശികല സ്ലോ പോയ്സണ്‍ നല്‍കിയിട്ടുണ്ടെന്നും മോദി അയച്ച ഡോക്ടറാണ് ഇതു കണ്ടെത്തിയതെന്നുമുള്ള ഒരു കഥയും അക്കാലത്തിറങ്ങി. തനിക്കും കുടുംബത്തിനുമതെിരെയുള്ള ബിജെപിയുടെ കളിയായാണ് ശശികല ഈ നീക്കം കണ്ടത്. ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശശികല ജയലളിതയുടെ ജിവിതത്തിലേക്കും പാര്‍ട്ടിയിലേക്കും തിരിച്ചെത്തിയപ്പോള്‍ ആദ്യം പുറത്തായത് ചോ രാമസ്വാമിയാണ്. പാര്‍ലമെന്റില്‍ എഐഎഡിഎംകെയുടെ നേതാവായിരുന്ന മൈത്രേയനു പകരം തമ്പിദുരൈ ആ സ്ഥാനത്തേക്കെത്തുന്നതും തമിഴകം കണ്ടു. ആര്‍ എസ് എസ്സ് ബന്ധമുണ്ടായിരുന്ന മൈത്രേയനെ മാറ്റിയതിനു പിന്നില്‍ ശശികലയായിരുന്നുവെന്നായിരുന്നു ആ നാളുകളില്‍ കേട്ടത്. 

ജയലളിത മരിച്ചപ്പോള്‍ ബിജെപി ആദ്യം നോട്ടമിട്ടത് മണ്ണാര്‍കുടി കുടുംബത്തെയാണ്. ഒ പനീര്‍ശെല്‍വം താത്ക്കാലിക മുഖ്യമന്ത്രിയാവുന്നതിനുള്ള അരങ്ങൊരുക്കിയാണ് ബിജെപി ആദ്യ കരുനീക്കം നടത്തിയത്. ഒ പി എസ്സിനെ മാറ്റി പഴനിസാമിയെ ശശികല മുഖ്യമന്ത്രിയാക്കിയതോടെ എഐഎഡിഎംകെ രണ്ടായതിനു പിന്നിലും ബിജെപിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു. പിന്നീട് ഒ പിഎസ്സും പഴനിസാമിയും ഒന്നിച്ച് ശശികലയെ നേരിട്ടപ്പോഴും അതിനു പിന്നിലെ കറുത്ത കരങ്ങള്‍ ആരുടേതാണെന്ന്  പകല്‍ പോലെ വ്യക്തമായിരുന്നു. 

ജയലളിതയുടെ മരണവും ശശികലയുടെ ജയില്‍വാസവും എഐഎഡിഎംകെയെ ദുര്‍ബ്ബലമാക്കിയപ്പോള്‍ വിജയിച്ചത് ബിജെപിയാണ്. ഇടക്കാലത്ത് രജനികാന്തിനെ ഇറക്കി വേറൊരു കളി കളിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. അനിശ്ചിതത്വം മുഖമുദ്രയായ രജനി പക്ഷേ, ബിജെപിയുടെ പദ്ധതിക്ക് പറ്റിയ കക്ഷിയായിരുന്നില്ല. അങ്ങിനെയാണ് എഐഎഡിഎംകെയിലേക്ക് ബിജെപി തിരിച്ചുവന്നത്. ഇതിനു മുമ്പ് പലപ്പോഴും എഐഎഡിഎംകെയും ഡിഎംകെയും ബിജെപിയോടു കൂട്ടുകൂടിയിട്ടുണ്ട്. പക്ഷേ, അന്നൊക്കെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് ജയലളിതയും കരുണാനിധിയുമായിരുന്നു. ഇരുവരും പറയും ബിജെപി കേള്‍ക്കും അതായിരുന്നു പതിവ്.  ദ്രവീഡിയന്‍ പാര്‍ട്ടികളുടെ സഹായമില്ലാതെ ( കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി മണ്ഡലത്തില്‍ നിന്ന് പൊന്‍ രാധാകൃഷ്ണന്‍ ജയിച്ചപ്പോള്‍ പോലും സഹായത്തിന് വൈകോയുടെ എംഡിഎംകെയും വിജയകാന്തിന്റെ ഡിഎംഡികെയുമുണ്ടായിരുന്നു ) ഒരു നിയമസഭാ സീറ്റിലോ ലോക്സഭാ സീറ്റിലോ ബിജെപി തമിഴകത്തു നിന്ന് ജയിച്ചിട്ടില്ല. 

എം ജി ആറിന്റെയും ജയലളിതയുടെയും എഐഎഡിഎംകെ ഇപ്പോഴില്ല. സിംഹത്തെ അനുസ്മരിപ്പിച്ചിരുന്ന ആ പാര്‍ട്ടി ഇന്നിപ്പോള്‍ പൂച്ചയേക്കാള്‍ കഷ്ടമായിരിക്കുന്നു. അമ്മയ്ക്കു പകരം ഡാഡിയെത്തുമ്പോള്‍ ദ്രവീഡിയന്‍ രാഷ്ട്രീയം അപചയത്തിന്റെയും തകര്‍ച്ചയുടെയും പുതിയ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നു.

Content Highlights:Narendra Modi is our ‘Daddy’says AIADMK minister AIADMK, DMK, BJP