വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഇതിനെതിരെ എഐഎഡിഎംകെ സ്ഥാനാര്‍ഥി എ.സി ഷണ്‍മുഖനും സ്വതന്ത്ര സ്ഥാനാര്‍ഥിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഗോഡൗണില്‍ നിന്ന് വന്‍തോതില്‍ കണക്കില്‍ പെടാത്ത പണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയത്. വോട്ടിന് പണം നല്‍കി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ആയാദ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് പണം കണ്ടെത്തിയത്.

പന്ത്രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.

Content Highlights: Lok Sabha election 2019 Madras HC upholds EC decision to cancel Vellore polls