ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഡി.എം.കെ. അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്-  ബിജെപി ഇതരെ മുന്നണി സംബന്ധിച്ച ചന്ദ്രശേഖര റാവുവിന്റെ നിര്‍ദ്ദേശത്തെ കൂടിക്കാഴ്ചയ്ക്കിടെ സ്റ്റാലിന്‍ പിന്തുണച്ചില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ചന്ദ്രശേഖര റാവു മാധ്യമങ്ങളെ കാണാതെ മടങ്ങി.

എന്നാല്‍, സ്റ്റാലിനെ ചന്ദ്രശേഖര റാവു അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചതായി ഡി.എം.കെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരത്തെതന്നെ നിര്‍ദ്ദേശിച്ച സ്റ്റാലിന്‍ ആ നിലപാടില്‍ ഉറച്ചുനിന്നുവെന്നാണ് സൂചന. ഡി.എം.കെ.യിലെ മുതിര്‍ന്ന നേതാക്കളും ഒരു മണിക്കൂര്‍ നീണ്ട  കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് - ബിജെപി ഇതര സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും ചന്ദ്രശേഖര റാവു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights: KCR meets Stalin, DMK