ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലുള്ള വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കള്ളപ്പണം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ സഹോദരിയും രാജ്യസഭാംഗവുമാണ് കനിമൊഴി. റെയ്ഡില്‍ പണം അടക്കം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. രാത്രി വൈകി ഉദ്യോഗസ്ഥര്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങി.

ഡിഎംകെ സ്ഥാനാര്‍ഥിയുടെ വസതിയില്‍നിന്ന് വന്‍തുക പിടിച്ചെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് കനിമൊഴിയുടെ വസതിയിലെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. വോട്ടിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആദ്യമായാണ്.

തമിഴ്‌നാട്ടില്‍നിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 205 കോടി രൂപ പണമായും ബാക്കി സ്വര്‍ണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ 18 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കല്‍, തിരുനല്‍വേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടന്നത്.

റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. എഐഎഡിഎംകെ, ബിജെപി കേന്ദ്രങ്ങളില്‍ എന്തുകൊണ്ട് ഇത്തരം റെയ്ഡുകള്‍ നടത്തുന്നില്ലെന്ന് അവര്‍ ചോദിച്ചു. റെയ്ഡിന് പിന്നില്‍ പ്രധാനമന്ത്രിയാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ ആരോപിച്ചു.

Content highlights: Kanimozhi, IT raid, Tuticorin