ന്യൂഡല്‍ഹി: ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കും. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി വലിയ തോതില്‍ പണം പിടികൂടിയത്. ആദായ നികുത് വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കതിര്‍ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് കമ്മീഷന്‍ എത്തിയത്. തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ടില്‍  പറയുന്നു. തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദിനെതിരെ ജനപ്രാതിനിത്യ നിയമപ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്. ഡിഎംകെയിലെ പ്രമുഖ നേതാവായ ദുരൈ മുരുഗന്റെ മകനാണ് കതിര്‍ ആനന്ദ്.

മാര്‍ച്ച് 30 ന് ദുരൈ മുരുഗന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.  കണക്കില്‍ പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ട് ദിവസത്തിന് ശേഷം ദുരൈ മുരുഗന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടിയിരുന്നു. എന്നാല്‍ പണം പിടികൂടിയതിനെപ്പറ്റി ദുരൈ മുരുഗന്‍ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

Content Highlights: Election Commission decided to cancel the Lok Sabha election in Tamil Nadu's Vellore