ചെന്നൈ: സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ഡി.എം.കെ ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി. കരുണാനിധിയുടെ മകളും രാജ്യസഭാ എംപിയുമായ കനിമൊഴി തൂത്തുക്കുടിയില്‍ നിന്ന് ജനവിധി തേടും. ദയാനിധി മാരന്‍, ടി.ആര്‍ ബാലു, എ. രാജ എന്നിവരാണ് മറ്റ് പ്രധാനികള്‍. പുതുച്ചേരി ഉള്‍പ്പെടെ ആകെയുള്ള നാല്‍പതില്‍ 20 മണ്ഡലങ്ങളില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ദയാനിധി മാരന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും, ടി.ആര്‍ ബാലു ശ്രീപെരുമ്പത്തൂരില്‍ നിന്നും മത്സരിക്കും. എ. രാജ ഇത്തവണയും നീലഗിരിയില്‍ തന്നെ. 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ഡി.എം.കെ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയം ഉറപ്പെന്ന് സ്റ്റാലിന്റെ ആത്മവിശ്വാസം. ഉപതിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചാല്‍ സ്റ്റാലിന്‍ തമിഴ്നാടിന്റെ ഭരമ ചക്രം തിരിക്കും.
 
കനിമൊഴി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനകീയ സമരത്തിന് നേരെ വെടിവെപ്പ് നടന്ന തൂത്തുക്കുടിയില്‍ കനിമൊഴി മത്സരിക്കുമ്പോള്‍ എതിരാളി ബിജെപിയില്‍ നിന്നാണ്. ഭരണവിരുദ്ധ വികാരവും വേദാന്തയ്ക്കെതിരായ ജനമനസ്സും വോട്ടാകും എന്ന് പ്രതീക്ഷിച്ചാണ് കനിമൊഴി തൂത്തുക്കുടിയിലേക്ക് വണ്ടി കയറുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അവര്‍ തൂത്തുക്കുടിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ്. ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം വന്നെന്ന മാത്രം. ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍ രാജന്‍ തൂത്തുക്കുടി സീറ്റിനായി ശ്രമിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകും. ചിത്രം തെളിയും. ഡി.എം.കെ ട്രഷറര്‍ ദുരെ മുരുകന്റെ മകന്‍ ടി.എം കതിര്‍ ആനന്ദ് വെല്ലൂരില്‍ നിന്ന് മത്സരിക്കുന്നുണ്ട്.
 
ബാക്കിയുള്ള 20 സീറ്റുകളില്‍ സഖ്യകക്ഷികളാണ് മത്സരിക്കുക. ഇതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. സഖ്യത്തിലുള്ള സിപിഎം കോയമ്പത്തൂരും മധുരയിലുമാണ്  സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. കോയമ്പത്തൂരില്‍ പിആര്‍ നടരാജനും മധുരയില്‍ എസ് വെങ്കിടേശനും പ്രചാരണം ആരംഭിച്ചു. സിപിഐ മത്സരിക്കുന്ന നാഗപ്പട്ടണത്ത് എം സെല്‍വരാജും തിരുപ്പൂരില്‍ സുബ്ബരായനുമാണ് സ്ഥാനാര്‍ത്ഥികള്‍. വിസികെ നേതാവ് തിരുമാവളവന്‍ ചിദംബരത്ത് നിന്ന് ജനവിധി തേടും. വിസികെ ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ രവികുമാറും മത്സര രംഗത്തുണ്ട്. 
 
സഖ്യത്തിലുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. ട്രാന്‍സ്ജെന്ററായ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അപ്സരാ റെഡ്ഡിയ്ക്ക് സീറ്റ് കോണ്‍ഗ്രസ് സീറ്റ് നല്‍കുമോ എന്നതാണ് നിര്‍ണായകം. സീറ്റ് അനുവദിച്ചാല്‍ അത് ചരിത്രമാവും. മറുവശത്ത് അണ്ണാ ഡിഎംകെയുടെയും ബിജെപി ഉള്‍പ്പെടെയുള്ള സഖ്യപ്പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം നടക്കും. 
 
ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍
 
1. ചെന്നൈ നോര്‍ത്ത് - കലാനിധി വീരസ്വാമി
2. ചെന്നൈ സൗത്ത് - തമിലാച്ചി തങ്കപാണ്ഡ്യന്‍
3. ചെന്നൈ സെന്‍ട്രല്‍ - ദയാനിധി മാരന്‍
4. ശ്രീപെരുമ്പത്തൂര്‍ - ടി ആര്‍ ബാലു
5. കാഞ്ചീപുരം - ജി സെല്‍വം
6. ആര്‍ക്കോണം  - എസ് ജഗത് രക്ഷകന്‍
7. വെല്ലൂര്‍  - ടിഎം കതിര്‍ ആനന്ദ്
8. ധര്‍മ്മപുരി  - എ സെന്തില്‍ കുമാര്‍
9. തിരുവണ്ണാമലൈ  - സി എന്‍ അണ്ണാദുരെ
10. കല്ലക്കുറിച്ചി  - ഗൗതം സികാമണി
11. സേലം  - എസ് ആര്‍ പാര്‍ത്ഥിപന്‍
12. നീലഗിരി - എ രാജ
13. ദിണ്ടിഗല്‍ - വേലുസ്വാമി
14. കടലൂര്‍ - ശ്രീ രമേഷ്
15. മയിലാട് തുറൈ - രാമലിംഗം
16. തഞ്ചാവൂര്‍ - പളനി മാണിക്യം
17. തൂത്തുക്കുടി - കനിമൊഴി കരുണാനിധി
18. തെങ്കാശി - ധനുഷ് എം കുമാര്‍
19. തിരുനെല്‍വേലി - ജ്ഞാന ത്രവിയം
20. പൊള്ളാച്ചി - ഷണ്‍മുഖ സുന്ദരം
 
Content Highlights: DMK president M.K.Stalin declared election candidates