ചെന്നൈ: നാല് എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യനാക്കാന്‍ പാര്‍ട്ടി നീക്കം. ടി.ടി.വി ദിനകരന്‍ അനുകൂലികളായ എംഎല്‍എമാരെയാണ് അയോഗ്യരാക്കാന്‍ നീക്കം നടക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

എഐഎഡിഎംകെ എംഎല്‍എമാരായ കലൈ ശെല്‍വന്‍, രത്‌നസഭാപതി, പ്രഭു, സ്വതന്ത്ര എംഎല്‍എ തമീമുന്‍ അന്‍സാരി എന്നിവരെയാണ് അയോഗ്യരാക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ എഐഎഡിഎംകെ നീക്കം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 

വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 18 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിരുന്നു. അവസാന ഘട്ടത്തില്‍ നാലിടത്തൂകൂടി വോട്ടെടുപ്പ് നടക്കാനുണ്ട്. ഇതില്‍ പത്ത് സീറ്റിലെങ്കിലും എഐഎഡിഎംകെയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് നാലു പേരെ അയോഗ്യരാക്കി ഭരണം പിടിച്ചുനിര്‍ത്താന്‍ എഐഎഡിഎംകെ ശ്രമിക്കുന്നത്.

Content Highlights: AIADMK, disqualify three MLAs at thamil nadu