ചെന്നൈ: തമിഴക രാഷ്ട്രീയത്തിലെ ചിരവൈരികളായ എഐഎഡിഎംകെയും ഡിഎംകെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് എട്ടു സീറ്റുകളില്‍ മാത്രം. ഇരു പാര്‍ട്ടികളുടെയും സഖ്യകക്ഷികളാണ് മറ്റിടങ്ങളില്‍ ഏറ്റുമുട്ടുക എന്നതാണ് ഇത്തവണത്തെ സവിശേഷത.

ഭരണകക്ഷിയായ എഐഎഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും ഇരുപത് വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കി 19 സീറ്റുകളില്‍ ഘടകകക്ഷികളാണ് മത്സരിക്കുക. ഇതില്‍ത്തന്നെ എട്ടിടത്തു മാത്രമാണ് ഇരു കകളുടെയും സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ വരുന്നത്. സൗത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ, തിരുനെല്‍വേലി, മയിലാടുതുറൈ, സേലം, നീലഗിരി, പൊള്ളാച്ചി എന്നിവയാണ് ആ മണ്ഡലങ്ങള്‍.

ഞായറാഴ്ചയാണ് ഇരു പക്ഷവും തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. എഐഎഡിഎംകെയ്ക്കുവേണ്ടി ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ, ഉമുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ പി. രവീന്ദ്രനാഥ് കുമാര്‍ തുടങ്ങി പ്രമുഖരായ നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നുണ്ട്. 

ഡിഎംകെ സ്ഥാനാര്‍ഥികളായി സെന്‍ട്രല്‍ ചെന്നൈയില്‍ ദയാനിധി മാരന്‍, നീലനിഗിരിയില്‍ എ. രാജ, ശ്രീപെരുമ്പത്തൂരില്‍ ടി.ആര്‍ ബാലു എന്നിവരും ജനവിധി തേടും. സ്റ്റാലിന്റെ സഹോദരിയും രാജ്യസഭാ എംപിയുമായ കനിമൊഴി ആദ്യമായാണ് ലോക് സഭയിലേയ്ക്ക് ജനവിധി തേടുന്നത്. അവര്‍ തൂത്തുക്കുടിയില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കനിമൊഴിക്കെതിരായി ഇവിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സുന്ദരരാജന്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: AIADMK, DMK, Lok Sabha seats in Tamil Nadu, Lok Sabha Election 2019