കർണാടകത്തിൽ സി.പി.എം. മത്സരിക്കുന്നത് ഒരേയൊരു സീറ്റിലാണ്. കർഷകരും തൊഴിലാളികളും ഏറെയുള്ള ചിക്കബെല്ലാപുരയിൽ. സമരപാരമ്പര്യമുള്ളവർ ഏറെയുള്ള മണ്ഡലം. പാർട്ടി ഏറ്റെടുത്തുനടത്തിയ സമരങ്ങളുടെ അമരക്കാരിയും സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ എസ്. വരലക്ഷ്മിയാണ് ഇക്കുറി ചിക്കബെല്ലാപുരയിൽ ജനവിധിതേടുന്നത്.

വാഹനങ്ങളുടെ അകമ്പടിയോ കൊടിതോരണങ്ങളുടെ അലങ്കാരങ്ങളോ ഒന്നും വരലക്ഷ്മിയുടെ പ്രചാരണച്ചടങ്ങുകൾക്കില്ല. സാധാരണക്കാരായ നാട്ടുകാർ ഒത്തുകൂടുന്ന യോഗങ്ങളിൽ അവർക്കൊന്നേ പറയാനുള്ളൂ, ‘അധ്വാനിക്കുന്നവരുടെയും പാവപ്പെട്ടവരുടെയും ഒപ്പമാണ് ഞാൻ’.

ചുരുങ്ങിയവാക്കുകളിൽ കുറച്ചുസമയത്തെ പ്രസംഗം. പിന്നീട് സ്ഥലത്തെ നേതാക്കളുമായും പാർട്ടിപ്രവർത്തകരുമായും തൊഴിലാളികളുമായുള്ള നേരിട്ടുള്ള ചർച്ച. കുടിവെള്ളപ്രശ്നവും കാർഷികവിളകളുടെ വിലത്തകർച്ചയുമൊക്കെയാണ് ഈ ചർച്ചകളിലെ ചൂടേറിയ വിഷയം. വ്യക്തിപരമായ സങ്കടങ്ങൾ സ്ഥാനാർഥിയോട് പങ്കുവെക്കുന്നവരുമുണ്ട്. കൂടുതലും സ്ത്രീകളാണ്. തെലുഗു സംസാരിക്കുന്നവർ ഏറെയുള്ള പ്രദേശങ്ങളിൽ ഒഴുക്കോടെ തെലുഗിലാണ് സംസാരം. എല്ലാറ്റിനും പരിഹാരംകാണാമെന്ന് ഉറപ്പുനൽകി പ്രവർത്തകരുടെ വാഹനത്തിൽ അടുത്തകേന്ദ്രത്തിലേക്ക്. മുതിർന്നനേതാക്കളായ സുഭാഷിണി അലിയും വൃന്ദാ കാരാട്ടും തപൻസെന്നും വരുംദിവസങ്ങളിൽ ഇവിടെ പ്രചാരണത്തിനെത്തും. സമുദായ, ജാതി വോട്ടുകൾ വിജയിയെ നിശ്ചയിക്കുന്ന മണ്ഡലത്തിൽ വേറിട്ടപാതയിലാണ് വരലക്ഷ്മി.

തീർത്തും സാധാരണകുടുംബത്തിൽനിന്നാണ് വരലക്ഷ്മി എന്ന നേതാവിന്റെ വളർച്ച. എൺപതുകളിൽ ബെംഗളൂരു കുമ്പളഗോഡിലെ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു വരലക്ഷ്മി. തൊഴിലാളികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരേ രംഗത്തെത്തിയതോടെ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒട്ടേറെ സമരങ്ങൾ. പോലീസിന്റെ ക്രൂരമർദനങ്ങൾ. അങ്കണവാടിത്തൊഴിലാളികളെ സംഘടിപ്പിക്കാനും മുൻനിരയിൽ.

ബാഗെപ്പള്ളി ഉൾപ്പെടെ, സി.പി.എമ്മിന് കാര്യമായ വേരോട്ടമുള്ള മണ്ഡലമാണ് ചിക്കബെല്ലാപുര. സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീരാമറെഡ്ഡി സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലം; ഇവിടെ രണ്ടുതവണ ജയിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. ഇത്തവണ വനിതാ സ്ഥാനാർഥിയെയാണ് പാർട്ടി പോരാട്ടത്തിനിറക്കിയത്.

ബെംഗളൂരു വിമാനത്താവളത്തിനുവേണ്ടി കർഷകരുടെ ഭൂമിയേറ്റടുത്തതിനെത്തുടർന്നുണ്ടായ സമരവും കുടിവെള്ളത്തിനുവേണ്ടിയുള്ള സമരങ്ങളും പ്രക്ഷുബ്ധമാക്കിയ മണ്ഡലമാണിത്. കോൺഗ്രസിന്റെ മുതിർന്നനേതാവും സിറ്റിങ്‌ എം.പി.യുമായ വീരപ്പമൊയ്‌ലിയും ബി.ജെ.പി.യുടെ ബച്ചെ ഗൗഡയുമാണ് മത്സരരംഗത്തുള്ളത്. പരമ്പരാഗത ഇടതുവോട്ടുകൾ ഇത്തവണ എത്രത്തോളം പാർട്ടിയെ തുണയ്ക്കുമെന്നാണ് അറിയാനുള്ളത്. വരലക്ഷ്മി സംസാരിക്കുന്നു:

*ഇക്കുറി എത്രത്തോളം വോട്ടുകൾ നേടാൻകഴിയും?

ഫാക്ടറിത്തൊഴിലാളികളും കർഷകത്തൊഴിലാളികളും ഏറെയുള്ള പ്രദേശമാണിത്. അവർക്കൊപ്പംനിന്നത് സി.പി.എം. മാത്രമാണ്. വികസനം വന്നുവെന്നുപറയുന്നത് പൊള്ളയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. ഒരിക്കലും കുടിവെള്ളമെത്താത്ത നാട്; കുടിവെള്ളടാങ്കുകളും വൻകിട കെട്ടിടങ്ങളും കരാറുകാർക്കല്ലാതെ അടിസ്ഥാനവർഗത്തിന് യാതൊരു നേട്ടവുമുണ്ടാക്കിയിട്ടില്ല. ഇവിടെ വിജയിക്കുക എന്നതിലുപരി ഞങ്ങളൊരു ആശയമാണെന്ന് മുന്നോട്ടുവെക്കുന്നത്. എല്ലാവർക്കും ജീവിക്കാൻ അവസരമുണ്ടാക്കുക എന്നതാണത്.

*രാഹുലിന്റെ ദക്ഷിണേന്ത്യൻസ്ഥാനാർഥിത്വത്തെക്കുറിച്ച്?

ബി.ജെ.പി.ക്കും മോദിയുടെ നയങ്ങൾക്കുമെതിരേയാണ് മത്സരമെങ്കിൽ രാഹുൽഗാന്ധി തിരഞ്ഞെടുക്കേണ്ടത് കേരളമായിരുന്നില്ല, ബി.ജെ.പി. ശക്തമായ മറ്റേതെങ്കിലും പ്രദേശമായിരുന്നു. വേണമെങ്കിൽ കർണാടക തിരഞ്ഞെടുക്കാമായിരുന്നു. ദക്ഷിണേന്ത്യയിൽ കർണാടകത്തിലാണല്ലോ ബി.ജെ.പി. ശക്തം. ഇപ്പോൾ ആരാണ് കോൺഗ്രസിന്റെ മുഖ്യശത്രു എന്ന സംശയമാണ് ജനങ്ങളിലുള്ളത്.

ചിക്കബെല്ലാപുരയിൽ കോൺഗ്രസിനെതിരേയല്ലേ മത്സരം?

കോൺഗ്രസ് -ജെ.ഡി.എസ്. സഖ്യത്തിൽ ഞങ്ങളില്ല. ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമാണിത്. ഇതിനുമുമ്പും ഞങ്ങളിവിടെ മത്സരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ മൃദുഹിന്ദുത്വവും ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വവും തുറന്നുകാണിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

content highlights: S. Varalakshmi, CPIM, Kartaka, CITU