ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ കൂടുതല്‍ കാലം ഉണ്ടാവില്ലെന്നും അതിനാല്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ബി.ജെ.പിയുമായി സഹകരിക്കാന്‍ ക്ഷണിക്കുന്നതായും കേന്ദ്ര മന്ത്രി രാംദാസ് അതാവ്‌ലേ. ജാതി രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ഉള്ളത് കോണ്‍ഗ്രസിലാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി.
 
കുമാരസ്വാമി അസ്വസ്ഥനാണ്. ബി.ജെ.പി-ജെ.ഡി.എസ് സഖ്യം രൂപവത്കരിക്കാമെങ്കില്‍ എന്തിനാണ് അദ്ദേഹം കോണ്‍ഗ്രസിന് പുറകെ പോകുന്നത്. അത്തരത്തില്‍ സഖ്യ ചര്‍ച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു. പക്ഷെ കോണ്‍ഗ്രസിന് ബുദ്ധിയുണ്ടായിരുന്നു. അവര്‍ ജ.ഡി.എസിന് പിന്തുണ നല്‍കി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളില്‍ സന്തുഷ്ടനല്ല. അതിനാല്‍ സര്‍ക്കാര്‍ അധികമൊന്നും മുന്നോട്ട് പോകില്ലെന്നും രാംദാസ് വ്യക്തമാക്കി.
 
350 ഓളം സീറ്റ് നേടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരും. അതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം പോലും കാണാന്‍ കഴിയില്ല. രാജ്യത്ത് ഇപ്പോഴും മോദി തരംഗമാണ്. പിന്നെ എങ്ങനെയാണ് രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയുക. 
 
കോണ്‍ഗ്രസ് ബി.ജെ.പിയെ വിളിക്കുന്നത് വര്‍ഗീയവാദി പാര്‍ട്ടി എന്നാണ്. പക്ഷെ കോണ്‍ഗ്രസാണ് ശരിയായ വര്‍ഗീയവാദി പാര്‍ട്ടി. അവരുടെ മുഖം മതേതരമാകാം. പക്ഷെ അവര്‍ വര്‍ഗീയവാദികളാണെന്നും രാംദാസ് അതാവ്‌ലേ വ്യക്തമാക്കി.
 
content highlights: Union Minister Ramdas Athawale Invites Kumaraswamy to Join Hands With BJP