ബെഗളൂരു: പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ജനതാദള്‍ എസ് വിട്ടുനില്‍ക്കുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തേണ്ടിയിരുന്നത് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയായിരുന്നു. എന്നാല്‍ കുമാരസ്വാമി ഡല്‍ഹി യാത്ര വേണ്ടെന്ന് വെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

വോട്ടിങ് മെഷീനുകള്‍ സംബന്ധിച്ച് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതിന് കുമാരസ്വാമി വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് ഉചിതമായ തീരുമാനം എടുക്കുന്നതിനുവേണ്ടി കൂടിയാണ് പ്രതിപക്ഷ കക്ഷികളെ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വിളിച്ചത്. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച പ്രവചിച്ചിരുന്നു. അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതാകാം യോഗത്തില്‍ നിന്ന് വിട്ടുനല്‍ക്കാന്‍ കുമാരസ്വാമി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുഖ്യമന്ത്രിയായി കുമാരസ്വാമി അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം തികഞ്ഞുവെങ്കിലും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം സ്വഭാവികത കൈവരിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും അത് കൈവരിച്ചില്ലെങ്കില്‍ ജെഡിഎസുമായുള്ള സഖ്യം തുടരുന്നതില്‍ അര്‍ഥമില്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വന്നിരുന്നു. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അഞ്ചുമുതല്‍ 11 സീറ്റുകളും ബിജെപിക്ക് 18 മുതല്‍ 21 സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Content Highlights: Karnataka CM Kumaraswamy cancels New Delhi visit