ബെംഗളൂരു: കര്‍ണാടകത്തില്‍ തര്‍ക്കം നിലനിന്നിരുന്ന ബെംഗളൂരു നോര്‍ത്ത് ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും.  സഖ്യകക്ഷിയായ ജെ.ഡി.എസ് സീറ്റില്‍ ഉയര്‍ത്തിയിരുന്ന അവകാശ വാദം അവര്‍ പിന്‍വലിച്ചതായും തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും കോണ്‍ഗ്രസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. 

സീറ്റ് കോണ്‍ഗ്രസിന് തിരിച്ച് നല്‍കിയതില്‍ ജെ.ഡി.എസിനോട് നന്ദിയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. ' ബെംഗളൂരു നോര്‍ത്ത് ലോക്‌സഭാ സീറ്റ് മടക്കി നല്‍കിയതില്‍ എച്ച്.ഡി ദേവഗൗഡ ജിയോടും ജെ.ഡിഎസിനോടും കോണ്‍ഗ്രസിന് നന്ദിയുണ്ട്. നമുക്ക് ജനാധിപത്യത്തെ വീണ്ടെടുക്കാം.' - വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ധാരണയെ തുടര്‍ന്ന് ജെ.ഡി.എസ് മത്സരിക്കാന്‍ തീരുമാനിച്ച എട്ട് സീറ്റുകളിലൊന്നായിരുന്നു ബെംഗളൂരു നോര്‍ത്ത്. 2018ല്‍ ബെംഗളൂരു നോര്‍ത്തിലെ എട്ടില്‍ ഏഴ് നിയമസഭ സീറ്റിലും കോണ്‍ഗ്രസ്-ജെഡിഎസ് മുന്നണി വിജയിച്ചിരുന്നു. ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന്  പാര്‍ട്ടി നേതാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് തുംകൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ദേവഗൗഡ തീരുമാനിക്കുകയായിരുന്നു. ബെംഗളൂരു നോര്‍ത്തില്‍ മുന്‍ എം.പി ബി.എല്‍ ശങ്കറിനെ മത്സരിപ്പിക്കാന്‍ മുന്നണി തീരുമാനിച്ചതായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡയാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

content highlights: JD-S ‘gives back’ Bengaluru North LS seat to congress