ബെംഗലുരു: അന്തരിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ആറുതവണ ജയിച്ചു കയറിയ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് പകരം യുവമോര്‍ച്ച വൈസ് പ്രസിഡന്റിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. തേജസ്വിനി അനന്ത്കുമാറിനെ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം നിശ്ചയിച്ച ബെംഗലുരു നോര്‍ത്ത് ലോക്‌സഭാ മണ്ഡലത്തിലാണ് അവസാന നിമിഷം യുവ അഭിഭാഷകന്‍ കൂടിയായ തേജസ്വി സൂര്യയുടെ പേര് ഉയര്‍ന്നുവന്നത്. 

1996 മുതല്‍ 2014 വരെ ആറ് തവണ ബെംഗലുരു സൗത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ അനന്ത്കുമാറിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനിയുടെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്. സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തില്‍ സുപരിചിതയാണ് അവര്‍. 

thejaswini ananthkumar
തേജസ്വിനി അനന്ത്കുമാര്‍

മുതിര്‍ന്ന നേതാവായ ബി.എസ് യെദ്യൂരപ്പയുടെ പിന്തുണയോടെ സംസ്ഥാന നേതൃത്വം അവരുടെ പേര് ദേശീയ നേതൃത്വത്തോട് നിര്‍ദേശിക്കുകയും ചെയ്തു. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ നിന്നും ജനവിധി തേടണമെന്ന നിര്‍ദേശവുമായി ഒരു വിഭാഗം മുന്നോട്ടുവന്നത്.

കോണ്‍ഗ്രസ് ഏറെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ ബി.കെ ഹരിപ്രസാദിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 65000 വോട്ടിന് അനന്ത്കുമാറിനോട് തോറ്റയാളാണ് അദ്ദേഹം. 

ശക്തമായ ഹൈന്ദവ നയത്തിന്റെ പേരില്‍ ശ്രദ്ധേയനാണ് പുതിയതായി പരിഗണിക്കുന്ന യുവനേതാവ് തേജസ്വി സൂര്യ. പുതിയ സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നത് അനന്ത്കുമാറിന്റെ അനുയായികളെ പിന്തുണക്കുന്നവരെ ചൊടിപ്പിച്ചിട്ടുണ്ട്.

അതിനിടെ തനിക്ക് രാജ്യത്തിനാണ് പ്രഥമ പരിഗണന, പാര്‍ട്ടി രണ്ടാമതും, വ്യക്തി ജീവിതം മൂന്നാമതുമാണെന്ന് തേജസ്വിനി അനന്ത്കുമാര്‍ ട്വീറ്റു ചെയ്തു. 

Content highlights; BJP Picks Young Face Tejasvi Over Ananthkumar's Wife from Bengaluru South