ഹൈദരബാദ്:  രാജ്യം ആകാംക്ഷയോടെ മെയ് 23 ലെ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുമ്പോള്‍ വിജയം ഉറപ്പമെന്ന ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രിയായി താമസിക്കാനുള്ള വീടും ഓഫീസും വരെ നിര്‍മ്മിച്ച് കഴിഞ്ഞു ജഗന്‍ മോഹന്‍ റെഡ്ഡി.

ടിഡിപിയില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ജഗന്റെയും നീക്കങ്ങള്‍. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലാണ് ജഗന് വേണ്ടി പുതിയ വീടും ഓഫീസും അടങ്ങുന്ന ബഹുനില മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.

തഡേപള്ളിയില്‍ ഒരു ഏക്കര്‍ സ്ഥലത്താണ് കെട്ടിടം. പുതിയ വീട്ടിലേക്ക് മെയ് 21 ന് അദ്ദേഹം താമസം മാറും. മുഖ്യമന്ത്രിയായാല്‍ ഈ പുതിയ വീടായിരിക്കും ജഗന്റെ ഔദ്യോഗിക വസതി.

'മെയ് 23 ന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്താന്‍ പോകുകയാണ്. ഫലം പ്രഖ്യാപിച്ചാല്‍ അമരാവതിയായിരിക്കും തട്ടകം'-പാര്‍ട്ടി നേതാവ് എന്‍ രാംകുമാര്‍ റെഡ്ഡി പറഞ്ഞു.

ഗൃഹോപകരണങ്ങളും കംപ്യൂട്ടറുകളും അടക്കം പുതിയ വീട്ടിലേക്ക് മാറ്റുന്ന ജോലികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിച്ചവരുടേയും മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെയും യോഗം മെയ് 16ന് ജഗന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ഏപ്രില്‍ 11ന് ഒരു ഘട്ടമായി പോളിങ്ങും കഴിഞ്ഞു.

Content Highlights: Confident of winning, Jagan moves office to Amaravati, ysrc