ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി എം.പിയുമായ ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരിയുടെ കോണ്‍ഗ്രസ് പ്രവേശനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ പിതാവ് ബിസി ഖണ്ഡൂരി പ്രതിനിധീകരിക്കുന്ന പൗരി ഗര്‍വാള്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് മനീഷിന്റെ നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലിന്റെ മകന്‍ ശൗര്യ ഈ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്തകളും സജീവമാണ്. ഇതോടെ പൗരി മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകനായ മനീഷ് ദെഹ്റാദൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ വെച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മനീഷിന്റെ പിതാവ് മേജര്‍ ജനറല്‍ ബിസി ഖണ്ഡൂരി രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ പൗരി ലോക്‌സഭാംഗമായ ബിസി ഖണ്ഡൂരി ഇത്തവണ തിരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. അജിത്ത് ഡോവലിന്റെ മകന്‍ ശൗര്യ ഈ സീറ്റ് ലക്ഷ്യമിടുന്നതായി നേരത്തെയേ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ മനീഷ് ഖണ്ഡൂരി കൂടി എത്തുന്നതോടെ ഇരു പാര്‍ട്ടികള്‍ക്കും പൗരി നിര്‍ണായകമാവും.

2016ല്‍ ഉത്തരാഖണ്ഡിലൈ പത്ത് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്തിരുന്നു. ഇത് പരിഹരിക്കാനായി ഒരവസരം കാത്ത് നിന്ന കോണ്‍ഗ്രസ് സാക്ഷാല്‍ ബിസി ഖണ്ഡൂരിയുടെ മകനെ തന്നെ റാഞ്ചിയിരിക്കയാണ്. അതിനാല്‍ തന്നെ മനീഷ് ഖണ്ഡൂരിയെ വിജയിപ്പിക്കുക എന്നത് കോണ്‍ഗ്രസിന് ഏറെ പ്രധാനപ്പെട്ടതാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെയും ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ അജിത്ത് ഡോവലിന്റെ മകന്‍ സ്ഥാനാര്‍ഥിയായാല്‍ വന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബി.ജെ.പിക്ക് ചിന്തിക്കാനെ പറ്റില്ല. എന്‍.ജി.ഒ പ്രവര്‍ത്തനങ്ങളൊക്കെയായി ശൗര്യ മണ്ഡലത്തില്‍ നേരത്തേ സജീവമാണ്.

എന്നാല്‍ മനീഷിന് ഇതുവരെ പാര്‍ട്ടി അംഗത്വം ഇല്ലായിരുന്നെന്നും അദ്ദേഹം പൗരിയില്‍ സ്ഥാനാര്‍ഥിയാവുന്നത് തങ്ങളെ ബാധിക്കില്ലെന്നുമുള്ള നിലപാടാണ് ബി.ജെ.പിക്ക്. എന്നാല്‍ മകന്റെ പാര്‍ട്ടി മാറ്റത്തെ കുറിച്ച് ഒരക്ഷരവും ഉരിയാടാതിരിക്കുന്ന ബിസി ഖണ്ഡൂരിക്കെതിരെ ബി.ജെ.പിക്കുള്ളില്‍ കലാപങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഖണ്ഡൂരിയുടെ മകള്‍ റിതു ഖണ്ഡൂരി യംകേശ്വര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ്.

content highlights: Manish Khanduri is Likely to Battle it Out with Ajit Doval's Son