ത്തരാഖണ്ഡില്‍ ബിജെപിക്ക് അഭിമാനപോരാട്ടമായിരുന്നു. കയ്യിലുണ്ടായിരുന്ന അഞ്ച് സീറ്റുകളും നിലനിര്‍ത്തുക എന്നതായിരുന്നു ഉത്തരാഖണ്ഡില്‍ ബിജെപിയുടെ വെല്ലുവിളി. എന്നാല്‍ വെല്ലുവിളികളെ നിഷ്പ്രഭമാക്കിക്കൊണ്ട് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ അനായാസ വിജയമായിരുന്നു ഉത്തരാഖണ്ഡിലും ബിജെപി നേടിയെടുത്തത്. സംസ്ഥാനത്തെ അഞ്ച് സിറ്റിങ്ങ് സീറ്റുകളും ബിജെപി നിലനിര്‍ത്തി. 

അജയ് ടാംട(അല്‍മോറ), തിരാത് സിങ് (ഗര്‍വാള്‍), മാല രാജ്യലക്ഷ്മി (തെഹ്‌റി ഗര്‍വാള്‍), അജയ് ഭട്ട് (നൈനിറ്റാള്‍), രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് (ഹരിദ്വാര്‍) എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. 

സംഭവബഹുലമായ രാഷ്ട്രീയസംഭവ വികാസങ്ങള്‍ക്കൊടുവിലാണ് 2014ലെ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ 5 മണ്ഡലങ്ങളും ബിജെപി തൂത്തുവാരിയത്. 2019ലും ഉത്തരാഖണ്ഡില്‍ 2014 ആവര്‍ത്തിക്കുകയായിരുന്നു ബിജെപി. 

ബിജെപിക്ക് ഉറച്ച വിശ്വാസമുള്ള മണ്ഡലമായിരുന്നു ഉത്തരാഖണ്ഡ്. എങ്കിലും അല്‍പമെങ്കിലും പ്രതിസന്ധി ഉണ്ടായിരുന്നത് നൈനിറ്റാള്‍, ഗര്‍വാള്‍, തെഹ്രി ഗര്‍വാള്‍ എന്നീ മണ്ഡലങ്ങളായിരുന്നു. ഗര്‍വാളില്‍ ബിജെപി സിറ്റിങ് എംപി ബിസി ഖണ്ഡൂരിയുടെ മകനായ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. അച്ഛനോടുള്ള ബിജെപി നേതൃത്വത്തിന്റ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഈ കൂറുമാറ്റം. ജനപ്രിയ നേതാവായിരുന്ന ബിസി ഖണ്ഡൂരിയുടെ ചരടുവലികളും രാഷ്ട്രീയ തന്ത്രങ്ങളും ഗുണം ചെയ്തിരുന്നുവെങ്കില്‍ ബിജെപിയില്‍ നിന്ന് ഈ മണ്ഡലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചേനെ. പക്ഷെ ഒരു രാഷ്ട്രീയ തന്ത്രവും വിലപോയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ 2,85,003  വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി തിരാത് സിങ് മണ്ഡലം നിലനിര്‍ത്തിയത്. ബിജെപിയുടെ ദേശീയ സെക്രട്ടറി കൂടിയാണ് തിരാത് സിങ്. 

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് അഭിമാനപോരാട്ടമായിരുന്നു. 2009ല്‍ ബിജെപി പിടിച്ചെടുത്ത മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ തുടര്‍ച്ചയായ രണ്ട് തവണയും ഉത്തരാഖണ്ഡ് കോണ്‍ഗ്രസിനെ കൈവിട്ടു.

Content Highlight: Uttarakhand Election Result, Loksabha Election Result 2019