ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. പൗരി മണ്ഡലത്തിലെ സിറ്റിങ് എംപിയായ ബി സി ഖണ്ഡൂരിക്കെതിരെ മത്സരിക്കാനാണ് മകന്റെ നീക്കം.

പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് കാലാവധി നീട്ടി നല്‍കാതെ വന്നതോടെയാണ് മനീഷ് ഖണ്ഡൂരി നേതൃത്വവുമായി ഇടഞ്ഞത്. ആയുധങ്ങള്‍ നവീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിമര്‍ശനാത്മകമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മനീഷിനെ നേതൃത്വത്തിന് അനഭിമതനാക്കിയതെന്നും സൂചനകളുണ്ട്.

ഡെറാഡൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പങ്കെടുക്കുന്ന റാലിയില്‍ വച്ച് മനീഷ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജേര്‍ണലിസ്റ്റായിരുന്ന മനീഷ് ഫെയ്‌സ്ബുക്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ അദ്ദേഹം രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഇതിനിടെ പൗരി സീറ്റില്‍ മത്സരിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും നീക്കം നടത്തുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പൗരിയില്‍ സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടാണ് ശൗര്യയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ഖണ്ഡൂരിയുടെ മകളും സീറ്റിനായി രംഗത്തുണ്ട്. 

Content highlights: B C Khanduri, BJP