മിര്‍സാപുര്‍ (യു.പി): പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.

ലോകത്തെ ഏറ്റവും മികച്ച നടനെയാണ് പ്രധാനമന്ത്രിയാക്കിയതെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് അവര്‍ ജനങ്ങളോട് പറഞ്ഞു. ഇതിലും നല്ലത് അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കുന്നതായിരുന്നു. ഇവരില്‍ ആരായാലും നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും യു.പിയിലെ മിര്‍സാപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

ഒരുകാലത്ത് പിതാവ് രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന അമിതാഭ് ബച്ചനെക്കുറിച്ച് പ്രിയങ്ക നടത്തിയ പരാമര്‍ശം ശ്രദ്ധേയമായി. അമിതാഭ് ബച്ചന്‍ മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച അലഹബാദില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റാലി നടത്തിയ മിര്‍സാപുര്‍. അലഹബാദില്‍നിന്നുള്ള എം.പി ആയിരുന്ന അമിതാഭ് ബച്ചന് ബൊഫോഴ്‌സ് ആരോപണങ്ങളെത്തുടര്‍ന്നാണ് രാജി വെക്കേണ്ടിവന്നത്. കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചുവെങ്കിലും ബച്ചന്‍ പിന്നീട് ഗാന്ധി കുടുംബത്തില്‍നിന്നും അകന്നിരുന്നു.

Content Highlights: PM Narendra Modi, World's biggest actor, Priyanka Gandhi