ന്യൂഡല്‍ഹി: തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി രംഗത്ത്. ഉന്നാവോയിലെ ബി.ജെ.പി എം.പിയായ സാക്ഷി മഹാരാജാണ് ഇത്തരത്തില്‍ ഒരു വോട്ടഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.

'ഞാനൊരു സന്യാസിയാണ്. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താല്‍ ഞാന്‍ വിജയിക്കും. അല്ലെങ്കില്‍ അമ്പലത്തില്‍ ഭജനയും കീര്‍ത്തനവുമായി കഴിയും. ഇന്ന് ഞാന്‍ വോട്ട് ചോദിക്കാനാണ് എത്തിയിരിക്കുന്നത്. നിങ്ങളുടെ വാതില്‍ക്കലെത്തി വോട്ട് യാചിക്കുകയാണ് ഞാന്‍. നിങ്ങളൊരു സന്യാസിയെ തിരസ്‌കരിച്ചാല്‍ നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം ഇല്ലാതാകും. ഞാന്‍ നിങ്ങളെ ശപിക്കും'- സാക്ഷി മഹാരാജ് പറഞ്ഞു. 

എന്നാല്‍ സാക്ഷി മഹാരാജിന്റെ പ്രസംഗത്തെ കുറിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറായില്ല. ഉന്നാവോയിലെ സിറ്റിങ് എം.പിയായ സാക്ഷി മഹാരാജ് നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പന്റെ നാലാം ഘട്ടമായ ഏപ്രില്‍ 29 നാണ് ഉന്നാവോയില്‍ തിരഞ്ഞെടുപ്പ് നടക്കുക.

content highlights: Vote for me or I will curse you,’ warns BJP’s Sakshi Maharaj