കാശി, ബനാറസ്, വാരാണസി, പൈതൃകത്തിനും പട്ടുസാരികൾക്കും പേരുകേട്ട, മൂന്നു വ്യത്യസ്തപേരുകളിൽ അറിയപ്പെടുന്ന ഹിന്ദുക്കളുടെ പുണ്യപുരാതന നഗരം. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലം. ബി.ജെ.പി.ക്കാരുടെ ആത്മവിശ്വാസത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടാനുള്ള മത്സരം. ഈ ആത്മവിശ്വാസം വാരാണസിയിലെത്തുമ്പോൾ നരേന്ദ്രമോദിയിലും കാണാം. ഏപ്രിൽ 25-ന് നടന്ന റോഡ്‌ഷോയിൽ ആർപ്പുവിളികളുമായി തടിച്ചുകൂടിയ പതിനായിരങ്ങൾക്കുമുന്നിൽ തലയെടുപ്പോടെയാണ് മോദി നിന്നത്.

‘‘ഇപ്പോൾ വാരാണസിയിൽ വികസനം എന്ന ചർച്ച മാത്രമേയുള്ളൂ. ആ മാറ്റം മോദിജി കൊണ്ടുവന്നതാണ്. പ്രധാനമന്ത്രിയായിരുന്നിട്ടും ഇരുപതിലധികം തവണയാണ് വിവിധ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇവിടെ വന്നത്. മോദിജി ഏഴു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി വിജയിക്കും’’.- രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസെന്നു വിശേഷിപ്പിക്കാവുന്ന ബഹുനില മന്ദിരത്തിലിരുന്ന്, വാരാണസിയിലെ ബി.ജെ.പി. കാര്യാലയ പ്രമുഖ് ഗോകുൽ ശർമ പറഞ്ഞു. ഓഫീസും പരിസരവും മുഴുവൻ പ്രവർത്തകരാൽ നിറഞ്ഞിരിക്കുന്നു. ചെറിയകുട്ടികൾ ബി.ജെ.പി. കൊടികളുമായി ഓടിക്കളിക്കുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനുവരുന്ന പ്രിയങ്കയെ എതിരേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുന്ന നൂറുകണക്കിന് പ്രവർത്തകരെ സാക്ഷിനിർത്തി, ഉത്തർപ്രദേശിലെ കിസാൻ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് പാണ്ഡെ ഇതിനെ ചിരിച്ചുതള്ളുന്നു: ‘‘മോദി ഇവിടെ റാലിക്കുവന്നപ്പോൾ ഗുജറാത്തിൽ നിന്നും മറ്റുമാണ് ആയിരങ്ങളെ ഇറക്കിയത്. പ്രിയങ്കയെ കാണാൻ ആരും പറയാതെയാണ് നാട്ടുകാരെത്തിയത്. മോദിജി ജയിക്കും. പക്ഷേ, ഭൂരിപക്ഷം വളരെ കുറയും. കോൺഗ്രസിന്റെ അജയ് റായ് എന്തായാലും രണ്ടാം സ്ഥാനത്തെത്തും’’- രമേശ് പാണ്ഡെ പറഞ്ഞു.

കഴിഞ്ഞതവണത്തെപ്പോലല്ലെന്നും അജയ് റായിക്ക് വലിയതോതിൽ പിന്തുണയുണ്ടെന്നും 16 ചെറുപാർട്ടികൾ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വാരാണസിയിലെ കോൺഗ്രസ് വക്താവ് സതീഷ് റായി പറയുന്നു. സി.പി.ഐ.യും ലോക് താന്ത്രിക് ജനതാദളുമെല്ലാം ഇതിൽപ്പെടും. വാരാണസിയിൽ ഒരുകാലത്ത് ശക്തിയുണ്ടായിരുന്ന സി.പി.എം. പ്രത്യക്ഷത്തിൽ എസ്.പി.- ബി.എസ്.പി.ക്കൊപ്പമാണെങ്കിലും അജയ് റായിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എസ്.പി. നേതാവ് അഖിലേഷ് യാദവിന്റെയും ബി.എസ്.പി. നേതാവ് മായാവതിയുടെയും വ്യാഴാഴ്ചത്തെ റോഡ് ഷോയ്ക്കെത്തിയ എസ്.പി.യുടെ വാരാണസി വാർഡ് അധ്യക്ഷൻ അസർ അലി സിദ്ദിഖ് ഗ്രാമങ്ങളിലേക്ക് പോകൂ എന്ന ഉപദേശത്തോടെയാണ് ഈ വാദങ്ങളെയെല്ലാം എതിർക്കുന്നത്. ‘‘ഇവിടെ കോൺഗ്രസ് ചിത്രത്തിലേ ഇല്ല. ബി.ജെ.പി.ക്കെതിരേ മത്സരിക്കുന്നത് മഹാസഖ്യത്തിന്റെ ഭാഗമായ എസ്.പി. സ്ഥാനാർഥി ശാലിനി യാദവ് മാത്രമാണ്. വാരാണസിയിലെ മുസ്‌ലിങ്ങളെല്ലാം മോദിയെ തറപറ്റിക്കാൻ ഇക്കുറി എസ്.പി.ക്കാവും വോട്ടുചെയ്യുക. മേയ് 23-ന് അതു ബോധ്യമാകും’’- അസർ അലി പറയുന്നു.

മോദി തരംഗമുണ്ടായ 2014-ൽ 3,71,784 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം വാരാണസിയിൽ നേടിയത്. അന്ന് മോദിയെ പുലിമടയിൽ പോയി നേരിട്ട എ.എ.പി.യുടെ അരവിന്ദ് കെജ്‌രിവാളിനായിരുന്നു രണ്ടാം സ്ഥാനം. 2,09,238 വോട്ടുകൾ കെജ്‌രിവാൾ നേടി. അജയ് റായ് 75, 614 വോട്ടോടെ മൂന്നാം സ്ഥാനത്തായിരുന്നു. ബി.എസ്.പി.യുടെ വിജയ് പ്രകാശ് ജയ്‌സ്വാൾ 60,579 വോട്ടും എസ്.പി.യുടെ കൈലാഷ് ചൗരസ്യ 45, 291 വോട്ടും നേടി. 17,67,486 വോട്ടർമാരാണ് വാരാണസിയിലുള്ളത്. കഴിഞ്ഞതവണ 10,30,685 പേർ (58.31 ശതമാനം) പേർ വോട്ടുചെയ്തതിൽ പകുതിയിലധികം പേരും മോദിക്കാണ് നൽകിയത്. 5,81,023 പേർ. പ്രതിപക്ഷത്തിന്റെ വോട്ടുകളെല്ലാം വിഭജിക്കപ്പെട്ടു. ഇത്തവണയും സ്ഥിതി അതുതന്നെ. അതിനാൽ മോദിയുടെ ജയം വാരാണസിയുടെ ചർച്ചയിലേ ഇല്ല. സംസാരം ഭൂരിപക്ഷത്തെക്കുറിച്ചുമാത്രം.

പ്രിയങ്ക ചിത്രം മാറ്റിയേനേ

‘‘പ്രിയങ്ക ഗാന്ധി ഇവിടെ പൊതുസ്ഥാനാർഥിയായി നിന്നിരുന്നെങ്കിൽ ജയിച്ചേനേ. ഇക്കുറി മോദി ജയിക്കുമെങ്കിലും അത്തരം തരംഗമൊന്നുമില്ലാത്തതിനാൽ ജയം ഒരു ലക്ഷത്തിൽ താഴെ ഭൂരിപക്ഷത്തിനു മാത്രമായിരിക്കും’’- സി.പി.എം. ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറി ഡോ. ഹീരാലാൽ യാദവിന്റെ അഭിപ്രായം ഇതാണ്. ഇതുതന്നെയാണ് ബനാറസ് ഹിന്ദു സർവകലാശാല സോഷ്യൽ സയൻസ് വിഭാഗം ഡീനും പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ ഡോ. ആർ.പി. പഥക്കും പറയുന്നത്. ‘‘ബി.ജെ.പി. മറ്റു പാർട്ടികളെക്കാൾ ഏറെ മുന്നിലാണിത്തവണയും. പക്ഷേ, ശക്തമായ ത്രികോണ മത്സരമുണ്ട്. എസ്.പി.- ബി.എസ്.പി. സഖ്യസ്ഥാനാർഥി അജയ് റായിക്കു മുകളിലെത്തണമെങ്കിൽ സഖ്യപാർട്ടികളുടെ വോട്ട് കൃത്യമായി കൈമാറ്റം ചെയ്യപ്പെടണം. അജയ് റായ് തന്നെ രണ്ടാം സ്ഥാനത്തെത്തും. മോദിയുടെ വിജയം കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞായിരിക്കും’’- ഡോ. ആർ.പി. പഥക് പറഞ്ഞു. മോദിയുടെ ഭൂരിപക്ഷം ഇത്തവണ കഴിഞ്ഞ തവണത്തേതിനടുത്തോ കുറഞ്ഞോ ആയിരിക്കുമെന്ന് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫ.എ.കെ. ഉപാധ്യായയും വിലയിരുത്തി.

വികസനച്ചിറകിലേറി ബി.ജെ.പി.

മോദി വാരാണസിയിൽ വികസനചലനമുണ്ടാക്കി എന്ന് എതിരാളികളും സമ്മതിക്കുന്നു. നഗരത്തിനകത്തും പുറത്തുമുള്ള അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയമാറ്റം കൊണ്ടുവന്നു. വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്കുള്ള നാലുവരി ദേശീയ പാതതന്നെ ഇതിൽ പ്രധാനം. റിങ് റോഡിന്റെ ആദ്യഘട്ട 17 കിലോമീറ്റർ പൂർത്തിയായി. 26 കിലോമീറ്റർ പുരോഗമിക്കുന്നു. ഔദ്യോഗികരേഖകൾ പ്രകാരം 21,862 കോടി രൂപയാണ് വാരാണസിയുടെ വികസനത്തിനായി ഇതിനകം ചെലവഴിച്ചത്. ഇതെല്ലാം മോദി വരുംമുമ്പുള്ള പദ്ധതികളായിരുന്നെങ്കിലും വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയത് മോദി വന്നതോടെ വേഗത്തിലായി. വാരാണസി- ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് എട്ടുമണിക്കൂറിനുള്ളിൽ 792 കിലോമീറ്റർ സുഖയാത്ര നൽകുന്നത് ഉദാഹരണം.

വാരാണസി ലോക്‌സഭാ മണ്ഡലത്തിനുകീഴിലുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ബി.ജെ.പി. എം.എൽ.എ.മാരാണ്. ഒന്നിൽ അപ്‌നാദൾ സോണിലാൽ വിഭാഗവും. ഇവർ ഇത്തവണ ബി.ജെ.പി.ക്കൊപ്പമാണ്.

വാരാണസി നഗരത്തിലെ മൽദഹിയയിൽ കെട്ടിട ഉടമയായ 74- കാരൻ ലക്ഷ്മൺ ദാസ് റുപാനിയുടെ അഭിപ്രായം ഇങ്ങനെ: ‘‘മോദി വന്നതിനു ശേഷം വൈദ്യുതിമുടക്കം ഇല്ലാതായി. റോഡുകൾ വീതികൂട്ടി നന്നായി. കെട്ടുപിണഞ്ഞ വൈദ്യുതിക്കമ്പികൾ റോഡിനടിയിലായി. കാശി വിശ്വനാഥ അമ്പല പരിസരം മുഴുവൻ വൃത്തിയായി.’’ - ലക്ഷൺ ദാസ് റുപാനി പറയുന്നു.

റുപാനിയുടെ കൊച്ചുമകനും എസ്.എസ്.എസ്.എൽ.സി. പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവനുമായ മയൂർ റുപാനി തികഞ്ഞ മോദി ഭക്തനാണ്. ‘‘2014-നുമുമ്പ് എനിക്ക് മോദിജി എന്താണെന്നറിയില്ല. അഞ്ചുവർഷംകൊണ്ട് ഈ നാടിനുണ്ടായ മാറ്റത്തിലൂടെ അറിയാം’’. -മോദിയുടെ കടുത്ത അനുയായിയായ ഒരു ബന്ധു സമ്മാനിച്ച വീട്ടിലെ ക്ലോക്ക് ചൂണ്ടിക്കാട്ടി മയൂർ പറഞ്ഞു. ക്ലോക്കിന്റെ 12 കാലുകളിലായി മോദിയുടെ വിവിധ വികസനപദ്ധതികൾ ആലേഖനം ചെയ്തിരിക്കുന്നു. വേണ്ടപ്പെട്ടവർക്കെല്ലാം ഇത്തരം ക്ലോക്ക് അദ്ദേഹം നൽകിയിട്ടുണ്ടെന്ന് മയൂർ പറഞ്ഞു. ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർഥികളിൽ വലിയൊരു വിഭാഗവും പ്രതികരിച്ചത് മോദിക്കനുകൂലമായി. ‘‘ബി.ജെ.പി. പ്രവർത്തകരിപ്പോൾ സംഘങ്ങളായി തിരിഞ്ഞ് ഗ്രാമീണരെ കാണുന്ന തിരക്കിലാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇവിടെ മോദിജി വൻഭൂരിപക്ഷത്തിൽ വിജയിക്കും’’- സീതാപുരിലെ നവോദയ വിദ്യാലയത്തിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ മലയാളം ഉപഭാഷയായെടുത്ത എം.എ. ചരിത്രവിദ്യാർഥി ഋഷഭ് വർമ പറഞ്ഞു.

മോദി വികസനമെത്തിച്ചു എന്ന കാര്യത്തിൽ തർക്കമില്ലെന്ന് ബനാറസ് സാരി നിർമാതാക്കളായ ഇന്ത്യാ സിൽക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പങ്കാളികളിലൊരാളായ ആസിഫ് ഖാനും സമ്മതിക്കുന്നു. ‘‘പക്ഷേ റോഡു നന്നാക്കൽ മാത്രമല്ല വികസനം. നോട്ടു നിരോധനവും ജി.എസ്.ടി.യുമൊക്കെ വലിയതോതിൽ കച്ചവടത്തെ ബാധിച്ചു. 225-ഓളം തൊഴിലാളികളിവിടെയുണ്ട്. ആറായിരത്തോളം സാരികൾ ഒരു വർഷം ഉണ്ടാക്കാറുണ്ട്. എന്നാലിപ്പോൾ കച്ചവടം വളരെ കുറഞ്ഞു. പുറത്തെല്ലാം ഗംഭീരമെന്നുതോന്നാം. പക്ഷേ, കാര്യങ്ങളങ്ങനെയല്ല’’- ആസിഫ് പറയുന്നു.

ഫീനിക്‌സാവാൻ കോൺഗ്രസ്

‘‘2014-ൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ വന്നു. അന്ന് പ്രധാനമന്ത്രി സ്ഥാനാർഥിക്കു നേരെയായിരുന്നു പോരാട്ടം. ഇന്ന് പ്രധാനമന്ത്രിക്കെതിരേയാണ്. കാശി വിശ്വനാഥ കോറിഡോറിനുവേണ്ടി ഒട്ടേറെ ക്ഷേത്രങ്ങൾ നശിപ്പിച്ചു. അമ്പലം ബിസിനസ്സാക്കി മാറ്റിയ മോദിക്കെതിരേ ജനവികാരമുണ്ടിപ്പോൾ’’- അജയ് റായ് പറയുന്നു. ഉത്തർപ്രദേശിലെ സമ്പന്ന ഭൂവുടമകുള്ള ’ഭൂമിഹാർ’ വിഭാഗത്തിൽപ്പെട്ട അജയ് റായിക്ക് ഇത്തവണ മുന്നാക്കക്കാരുടെ കുറച്ചുവോട്ടുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. പ്രിയങ്കാ ഗാന്ധിയുടെ റോഡ്‌ഷോയും കാശി വിശ്വനാഥ, കാലഭൈരവ ക്ഷേത്രദർശനവുമൊക്കെ സവർണ ഹിന്ദുക്കളുടെ വോട്ട് നേടാൻ സഹായിക്കുമെന്ന് പാർട്ടി വക്താവ് സതീഷ് റായ് പറയുന്നു. റോഡ്‌ഷോയ്ക്കെത്തിയ പ്രിയങ്ക വൻജനക്കൂട്ടത്തെ ആകർഷിച്ചതും പ്രിയങ്കയെ കണ്ടപ്പോൾ പ്രവർത്തകർ ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ് ) എന്നാർത്തുവിളിച്ചതുമൊക്കെ കോൺഗ്രസിന്റെ വളർച്ചയാണു കാണിക്കുന്നതെന്ന് 50-കാരനായ ബി.കെ. ദുബെ പറഞ്ഞു.

ഇത്തവണ വലിയവിഭാഗം മുസ്‌ലിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് വാരാണസി നഗരത്തിലെ റെഡിമെയ്ഡ് തുണിത്തരങ്ങൾ കച്ചവടം ചെയ്യുന്ന ഐസാർ അഹമ്മദ് പറഞ്ഞു. മോദി അധികാരത്തിലെത്തിയതോടെ ജീവിക്കാനാവാത്ത അവസ്ഥയാണെന്ന് നഗരത്തിലെ ഇ റിക്ഷാ ഡ്രൈവർ രമേഷ് സോണിയുടെ പ്രതികരണം. ’യു.പി.എ. സർക്കാരിന്റെ കാലത്ത് 15 കിലോ അരിയും 20 കിലോ ഗോതമ്പും അഞ്ചു കിലോ പഞ്ചസാരയും അഞ്ചു കിലോ മണ്ണെണ്ണയും റേഷൻകട വഴി മാസം കിട്ടിയിരുന്നു. ഇപ്പോൾ അരി അഞ്ചു കിലോ ആയി. ഗോതമ്പ് 10 കിലോ. പഞ്ചസാര ഇല്ല. മണ്ണെണ്ണയാണെങ്കിൽ രണ്ടു ലിറ്ററും. എന്റെ വീട്ടിൽ ഭാര്യയും മക്കളുമടക്കം അഞ്ചുപേരാണ്. പ്രിയങ്ക വാരാണസിയിൽ നിന്നിരുന്നെങ്കിൽ ജയിച്ചേനെ എന്നും അദ്ദേഹം പറയുന്നു. അതേസമയം, കോൺഗ്രസിന്റെ നില ഇത്തവണ പരിതാപകരമാകുമെന്നാണ് ബനാറസ് ഹിന്ദു സർവകലാശാലയിലെ ഫിലോസഫി വിഭാഗം മേധാവി പ്രൊഫ. മുകുൾ രാജ് മേത്തയുടെ നിരീക്ഷണം. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായിരുന്നെങ്കിൽ ചിത്രം മാറിയേനെ എന്നും മോദിക്ക് ഭൂരിപക്ഷം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മുന്നേറുമോ മഹാസഖ്യം

എസ്.പി.- ബി.എസ്.പി.-ആർ.എൽ.ഡി. മഹാസഖ്യത്തിന്റെ സ്ഥാനാർഥി ശാലിനി യാദവ് ഫാഷൻ ഡിസൈനറും കുടുംബത്തിന്റെ അധീനതയിലുള്ള പ്രാദേശിക ഹിന്ദി പത്രത്തിന്റെ എഡിറ്ററുമണ്. 1984-ൽ വാരാണസിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ശ്യാം ലാൽ യാദവിന്റെ മകളാണ്.

രാഷ്ട്രീയത്തിലെത്തിയ ശേഷം ശാലിനി ഇതിനുമുമ്പ് ഒരു തിരഞ്ഞെടുപ്പിൽ മാത്രമാണ് മത്സരിച്ചത്. 2017-ലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ. ബി.ജെ.പി. ശക്തികേന്ദ്രത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അവർക്ക് 1.14 ലക്ഷം വോട്ടുകൾ ലഭിച്ചു.

‘‘2014-ൽ ജാതി- മത വ്യത്യാസമില്ലാതെ ഭരണകൂടത്തിനെതിരായിരുന്നു ജനങ്ങൾ. ഇപ്പോൾ സ്ഥിതി മാറി. ജനങ്ങൾ ദേഷ്യത്തിലാണ്. ചതിക്കപ്പെട്ടു എന്ന തോന്നലാണവർക്ക്. നല്ലദിനം ലഭിക്കില്ലെന്നവർ തിരിച്ചറിഞ്ഞു കഴിഞ്ഞു’’- ശാലിനി യാദവ് പറയുന്നു.

ഇത്തവണ വളരെ കടുത്തമത്സരമാണെന്നും മോദിക്ക് ഒരു ലക്ഷത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടൂ എന്നും ശാലിനിയാദവിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിക്കുന്ന അരവിന്ദ് സിങ് പറഞ്ഞു. ‘‘വികസനം കൊണ്ടുവന്നു എന്നാണ് മോദി പറയുന്നത്. കണ്ണിൽ പൊടിയിടാനുള്ള വികസനമാണ് എല്ലാം. ഗംഗയിലെ വെള്ളം ശുദ്ധമാക്കുമെന്ന് വാഗ്ദാനം നൽകിയിട്ടെന്തായി. നിങ്ങളവിടെ പോയോ. മുങ്ങിക്കുളിക്കാൻ പറ്റുമോ’’- അരവിന്ദ് സിങ് ചോദിക്കുന്നു.

ഭൂരിപക്ഷം നിർണയിക്കുകമുസ്‌ലിങ്ങളും ചെറുപാർട്ടികളും

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂരിപക്ഷം നിർണയിക്കുക, മണ്ഡലത്തിലെ 20 ശതമാനത്തിനടുത്തു വരുന്ന മുസ്‌ലിങ്ങളും ചെറുപാർട്ടികളുമാണ്. നഗര ജനസംഖ്യയിൽ 30 ശതമാനത്തോളം മുസ്‌ലിങ്ങളുണ്ട്. നെയ്ത്തുകാരും കച്ചവടക്കാരും ബിസിനസുകാരും കൂലിപ്പണിക്കാരും കർഷകരുമടങ്ങുന്നവർ.

‘‘75 ശതമാനത്തോളം മുസ്‌ലിം വോട്ടുകൾ മഹാസഖ്യത്തിനു കിട്ടും. കോൺഗ്രസിന് 20 ശതമാനത്തോളവും. രണ്ടു ശതമാനത്തോളം വരുന്ന ഷിയാ മുസ്‌ലിങ്ങൾ മോദിക്ക് വോട്ടുചെയ്തേക്കാം’’- എസ്.പി. വാരാണസി വാർഡ് അധ്യക്ഷനായ അസർ അലി സിദ്ദിഖ് പറയുന്നതിങ്ങനെ. എന്നാൽ മുസ്‌ലിം വോട്ടുകളിൽ 90 ശതമാനവും ഇത്തവണ കോൺഗ്രസിനു ലഭിക്കുമെന്നാണ് കോൺഗ്രസ് വക്താവ് സതീഷ് റായിയുടെ വിലയിരുത്തൽ.

2017-ലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള ആറു വാർഡുകളിൽ ബി.ജെ.പി. സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. കെട്ടിവെച്ച കാശുപോകുമെന്നതും പ്രവർത്തിച്ചിട്ടു കാര്യമില്ലെന്നതുംതന്നെ കാരണം.

കോൺഗ്രസിനും മഹാസഖ്യത്തിനുമായുള്ള മുസ്‌ലിം വോട്ടുകളുടെ വിഭജനമാണ് നരേന്ദ്രമോദിയുടെ ഭൂരിപക്ഷം നിർണയിക്കുകയെന്ന് പ്രൊഫ. എ.കെ. ഉപാധ്യായ ചൂണ്ടിക്കാട്ടുന്നു.

വർഷങ്ങളായി തങ്ങളുടെ അടിസ്ഥാന നില ശക്തമാക്കിക്കൊണ്ടിരിക്കുന്ന ഉത്തർപ്രദേശിലെ ചെറുപാർട്ടികൾക്കും വാരാണസിയിൽ ചെറിയതോതിൽ വോട്ടുകളുണ്ട്. മാർച്ച് 2019 വരെ ദേശീയതലത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ചെറുപാർട്ടികൾ 2,301 ആണ്. ഇതിൽ 600-ഓളം പാർട്ടികളുടെ ആസ്ഥാനം ഉത്തർപ്രദേശാണ്.

Content Highlights: varanasi pm modi-loksabha election