ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് മേയ് 19-ന് 59 മണ്ഡലങ്ങളിൽ നടക്കാനിരിക്കുമ്പോൾ എല്ലാ കണ്ണുകളും നീളുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലേക്ക്. മോദിക്കെതിരേ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി എത്തുകയാണ് അനുയായികൾക്ക് ദീദിമാരായ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ബഹുജൻ സമാജ്‌ പാർട്ടി നേതാവ് മായാവതിയും. ബംഗാളിന്റെ ദീദിയായ മമതാ ബാനർജിയാകട്ടെ വാരാണസിയിലെത്തുന്നില്ലെങ്കിലും ഓരോ ദിവസവും വാക്ശരവുമായി മോദിയെ നേരിട്ടുകൊണ്ടിരിക്കുന്നു. ദേശീയതലത്തിൽ മോദിയുടെ മുഖ്യഎതിരാളികളും ഈ സ്ത്രീത്രയം തന്നെയാണ്. മായാവതിക്കൊപ്പം സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടിയുടെ തലവൻ അഖിലേഷ് യാദവും വ്യാഴാഴ്ച റോഡ്‌ഷോയ്ക്കായി വാരാണസിയിലെത്തും.

മോദിക്കെതിരേ മത്സരിക്കാൻ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രിയങ്ക പ്രചാരണത്തിനെങ്കിലും എത്തുന്നതിൽ സന്തോഷിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. ‘‘പ്രിയങ്കാഗാന്ധി വരുന്നത് വലിയ ആഹ്ലാദമാണ്. കോൺഗ്രസ് ഇത്തവണ വളരെയധികം വോട്ടുപിടിക്കും’’ -നഗരത്തിലെ ഇ-റിക്ഷാ ഡ്രൈവറും കടുത്ത കോൺഗ്രസ് അനുഭാവിയുമായ രമേശ് സോണി ആവേശംകൊള്ളുന്നു.

കോൺഗ്രസ് സ്ഥാനാർഥി അജയ് റായിക്കുവേണ്ടിയുള്ള പ്രിയങ്കയുടെ റോഡ് ഷോ വോട്ടാവില്ലെന്നാണ് പക്ഷേ, കാശി വിശ്വനാഥക്ഷേത്രത്തിന്‌ മുൻവശത്തെ കച്ചവടക്കാരനായ 70-കാരൻ രാജാറാമിന്റെ പക്ഷം. എസ്.പി.-ബി.എസ്.പി. കൂട്ടുകെട്ടിനായിരിക്കും ഇത്തവണ കൂടുതൽ നേട്ടമെന്നും കഴിഞ്ഞതവണ പൂർണമായും എ.എ.പി. സ്ഥാനാർഥി അരവിന്ദ് കെജ്‌രിവാളിനുപോയ ന്യൂനപക്ഷവോട്ടുകളിൽ കുറച്ച് സ്വാഭാവികമായും കോൺഗ്രസിന് കിട്ടിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ശാലിനിയാദവിനായി വ്യാഴാഴ്ച അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചാണ് റോഡ് ഷോ നടത്തുന്നത്. രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ്ങും ഇവർക്കൊപ്പമുണ്ട്. ശാലിനി യാദവിനെ ഒരു ഘട്ടത്തിൽ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവലിക്കാനും പിരിച്ചുവിടപ്പെട്ട ബി.എസ്.എഫ്. ജവാനായിരുന്ന തേജ് ബഹാദൂർ യാദവിന് പിന്തുണ നൽകാനും എസ്.പി.-ബി.എസ്.പി. സഖ്യം ആലോചിച്ചിരുന്നു. തേജ് ബഹാദൂറിന്റെ പത്രിക തള്ളിയതോടെയാണ് ശാലിനി വീണ്ടും രംഗത്തെത്തിയത്. ശാലിനിയുടെ സ്ഥാനാർഥിത്വത്തിൽ സഖ്യകക്ഷികൾക്കുള്ളിൽത്തന്നെ ഇവിടെ വിയോജിപ്പുകളുണ്ട്. നരേന്ദ്രമോദി 17-ന് പ്രചാരണത്തിന്റെ അവസാനദിവസം വാരാണസിയിൽ എത്തുമെന്നാണ് കരുതുന്നത്. അന്നദ്ദേഹം തൊട്ടടുത്ത മണ്ഡലമായ മിർസാപുരിൽ റാലിയിൽ പങ്കെടുക്കുന്നുണ്ട്.

കേന്ദ്രത്തിൽ ആരുഭരിക്കണമെന്ന നിർണായക നിലപാടെടുക്കുന്ന ഉത്തർപ്രദേശിൽ അവസാനഘട്ടത്തിൽ 13 മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏറ്റവും പ്രധാനം വാരാണസിതന്നെ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പുരാണ് മറ്റൊന്ന്. മുഖ്യമന്ത്രിയാവാൻ യോഗി ഒഴിഞ്ഞപ്പോൾ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ കൈവിട്ട് സമാജ്‌വാദി പാർട്ടിയുടെ കൈപിടിച്ച മണ്ഡലം. വാരാണസിയിലെ മോദിയുടെ സാന്നിധ്യം ഇവിടെയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

യോഗിയുടെ അവഗണന ആയുധമാക്കി സഖ്യം

10 ശതമാനത്തോളംവരുന്ന പിന്നാക്കക്കാരായ യാദവന്മാരോടും 14 ശതമാനത്തോളംവരുന്ന ദളിതരായ ജാടവ് വിഭാഗക്കാരോടും യോഗി ആദിത്യനാഥ് സർക്കാർ അവഗണന കാട്ടി എന്ന ആയുധമാണ് പ്രത്യക്ഷത്തിൽ ചേർച്ചയില്ലാത്ത എസ്.പി.-ബി.എസ്.പി. സഖ്യത്തെ ഒന്നിപ്പിക്കുന്നതിലേക്ക് നയിച്ചത്. 20 ശതമാനത്തോളം വരുന്ന മുസ്‌ലിങ്ങളിൽ വലിയൊരു വിഭാഗവും മുന്നാക്കക്കാരിൽ എസ്.പി.യെ പിന്തുണയ്ക്കുന്ന ചെറിയൊരു വിഭാഗവും മറ്റു പിന്നാക്കക്കാരും കൂടിച്ചേരുമ്പോഴുള്ള ശതമാനക്കണക്കിലാണ് ഈ സഖ്യത്തിന്റെ പ്രതീക്ഷ. ഉത്തർപ്രദേശിൽ പകുതിയിലധികം സീറ്റും ഇതുവഴി നേടുമെന്നുതന്നെയാണ് എസ്.പി., ബി.എസ്.പി. നേതാക്കൾ പറയുന്നത്.

വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷം സഖ്യത്തിന്റെ കരുത്തിലൂടെ കുറയുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ഡോ. ഹീരാലാൽ യാദവ് അഭിപ്രായപ്പെടുന്നു. മുസ്‌ലിങ്ങളിലും മുന്നാക്കക്കാരിലും പിന്നാക്കക്കാരിലും ചെറിയൊരു ശതമാനം കോൺഗ്രസിന് വോട്ടുചെയ്യുമെന്ന് മഹാസഖ്യം പ്രതീക്ഷിക്കുന്നുണ്ട്. ഇത് ബി.ജെ.പി.യുടെ വിജയത്തിന് കാരണമാവുമെന്നതിനാൽ കോൺഗ്രസിന് വോട്ടുനൽകരുതെന്ന പ്രചാരണം നടത്തിയ സഖ്യം ബാക്കിയുള്ള 13 സീറ്റിൽ ഇത് ശക്തമാക്കുന്നുണ്ട്. നഗരമേഖലകൾ പൂർണമായും ബി.ജെ.പി. കീഴടക്കിയിട്ടുണ്ടെങ്കിലും വലിയ ശതമാനം ഗ്രാമങ്ങളിൽ സഖ്യത്തിനാണ് മുൻതൂക്കം.

content highlights: Utharpradesh loksabha election 2019