ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശനം സംസ്ഥാനത്തെ കോണ്‍ഗ്രസിന് പുത്തനുണര്‍വ് സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെയും ഇത് സ്വാധീനിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സമാജ് വാദി പാര്‍ട്ടി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോടുള്ള നിലപാട് പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്ക സംസ്ഥാനത്ത് ഉണ്ടാക്കിയ സ്വാധീനത്തെ തുടര്‍ന്നാണ് ഈ നീക്കമെന്നും പറയപ്പെടുന്നു.
ബി.എസ്.പിയ്ക്കും സമാനമായ മനംമാറ്റം ഉണ്ടായതായാണ് വിവരം. ഹിന്ദി ഹൃദയഭൂമികയിലെ സംസ്ഥാനങ്ങളില്‍ പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കി കൊടുക്കുമെന്ന വിലയിരുത്തലിലാണ് ഇരു പാര്‍ട്ടികളും. ചുരുങ്ങിയ സീറ്റുകളിലെങ്കിലും കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ ഇരു പാര്‍ട്ടികളും നീക്കം നടത്തുന്നതായി സൂചനകളുണ്ട്. 2009ല്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസിനെക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ നേടാനെ സമാജ്വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നുള്ളു.
കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി ഇതര വോട്ടുകള്‍ വിഭജിക്കപ്പെടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ ഈ നീക്കം. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ നിലവില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യദവിന് താല്പര്യമുണ്ടെന്നാണ് വിവരം. ബി.എസ്.പി നേതാവ് മായവതി എന്ത് തീരുമാനം എടുക്കും എന്നതിനനുസരിച്ചായിരിക്കും ഈ സഖ്യത്തിന്റെ ഭാവി. എന്നാല്‍ പെട്ടെന്ന് ഇക്കാര്യത്തില്‍ ഒരു നീക്കം നടത്താതെ പ്രിയങ്ക സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നോക്കി കാണാനാണ് ഇരു നേതാക്കന്മാരുടെയും തീരുമാനം.
നേരത്തെ അഖിലേഷ് യാദവിനോടും മായാവതിയോടും തനിക്ക് ഏറെ ബഹുമാനമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അവര്‍ സമീപിച്ചാല്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മൂന്ന് പാര്‍ട്ടികളും ഇതുവരെ നടത്തിയിട്ടില്ല എന്നതും സഖ്യ സാധ്യകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിനത് വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
content highlights: Priyanka Gandhi, Rahul Gandhi, Samajwadi Party, Bahujan Samaj Party,