ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ഗ്രാമത്തില്‍ തീപ്പിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് തീ കെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി.

തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ഗ്രാമവാസികളെ സഹായിക്കാന്‍ സ്മൃതി രംഗത്തിറങ്ങിയത്. കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ അവര്‍ സഹായിക്കുന്നതിന്റെയും തീ കെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. തീപ്പിടിത്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്ന ഗ്രാമീണരെ ആശ്വസിപ്പിക്കാനും അവര്‍ സമയം കണ്ടെത്തി.

അമേഠിയില്‍ സാരിയും ഷൂസും പണവും വിതരണം ചെയ്തുവെന്നാരോപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി കഴിഞ്ഞ ദിവസം സ്മൃതി ഇറാനിക്കെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ വിമര്‍ശത്തിന് സ്മൃതി മറുപടി നല്‍കുകയും ചെയ്തു. പ്രിയങ്ക അമേഠിയില്‍ താന്‍ നടത്തുന്ന സന്ദര്‍ശനങ്ങളുടെ കണക്കെടുക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. അമേഠിയിലെ എം.പിയെ 15 വര്‍ഷമായി കാണാനില്ലാത്തത് സംബന്ധിച്ച ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാത്തതിനാലാവാം അവര്‍ കണക്കെടുക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.

Content Highlights: Smriti Irani, fire fighting, UP village