കാണ്‍പുര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള തിരക്കേറിയ യാത്രകള്‍ക്കിടെ കാണ്‍പുര്‍ വിമാനത്താവളത്തില്‍വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സഹോദരി പ്രിയങ്കയും. തിരക്കിനിടയിലും സഹോദരിയോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സമയം കണ്ടെത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ രാഹുല്‍ഗാന്ധി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഒരു നല്ല സഹോദരന്‍ എന്നാല്‍ എന്താണെന്ന് ഞാന്‍ പറഞ്ഞുതരാമെന്ന് പ്രിയങ്കയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. ദൈര്‍ഘ്യമേറിയ യാത്രകള്‍ താന്‍ ചെറിയ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് നടത്തുമ്പോള്‍ തന്റെ സഹോദരി ചെറിയ യാത്രകള്‍ വലിയ ഹെലിക്കോപ്റ്ററിലാണ് നടത്തുന്നതെന്ന് തമാശയായി രാഹുല്‍ പറഞ്ഞു. എന്നാല്‍, അത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് പ്രിയങ്ക ഇടപെടുന്നതും വീഡിയോയില്‍ കാണാം. തനിക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അതിനുശേഷം വിമാനത്താവളത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫോട്ടോകള്‍ എടുക്കാന്‍ ഇരുവരും അനുവദിച്ചു.

ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി പോകുന്നതിനിടെയാണ് രാഹുലും പ്രിയങ്കയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. റായ്ബറേലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്തിരുന്നു. ഉന്നാവോയില്‍ പ്രിയങ്ക റോഡ് ഷോ നടത്തുകയും ചെയ്തു. റായ്ബറേലിയില്‍നിന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ അമേഠിയിലേക്കാണ് രാഹുല്‍ പോയത്. ഉന്നാവോയില്‍നിന്ന് ബരാബങ്കിയിലും ദേവയിലും നടന്ന റാലികളില്‍ പങ്കെടുക്കാന്‍ പ്രിയങ്ക യാത്രതിരിക്കുകയും ചെയ്തു.

Content highlights: Rahul Gandhi, Priyanka, Kanpur airport