ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അമേഠിയില്‍ ന്യായ് പദ്ധതിയുമായി ബന്ധപ്പെട്ട് അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ച വിഷയത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 24 മണിക്കൂറിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയോ സ്ഥലം ഉടമയുടേയോ അനുമതിയില്ലാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും ബോര്‍ഡ് പ്രിന്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നും കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. നോട്ടീസിന് രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

10 X 25 അടി വലിപ്പമുള്ള ഏഴ് ബാര്‍ഡുകള്‍ സ്ഥാപിച്ചത് ചട്ടലംഘനമാണെന്ന് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡാണ് കണ്ടെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകളില്‍ 'ന്യായ് പദ്ധതി ഉടന്‍ സംഭവിക്കും' എന്ന് പറയുന്നുണ്ട്. 

രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. ബി.ജെ.പിയുടെ അനീതി നിറഞ്ഞ ഭരണത്തില്‍ നിന്നുള്ള മോചനം കൂടിയാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്ന വ്യാഴാഴ്ച ന്യായ് പദ്ധതിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.

content highlights: Rahul Gandhi Gets Election Body Notice Over Nyay Banners