ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്കാഗാന്ധി മത്സരിച്ചേക്കില്ല. ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുന്നത് ഉത്തര്‍പ്രദേശിലെ മറ്റുസ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

സംസ്ഥാനത്ത് ഉടനീളം പ്രിയങ്കയുടെ സാന്നിധ്യമുണ്ടാവണമെന്നാണ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമോ എന്നകാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എന്നാല്‍, വാരണാസിയില്‍ മത്സരിക്കേണ്ടതില്ല എന്നകാര്യം ഉറപ്പായിക്കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രിയങ്ക നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ട് വാരണാസിയില്‍ മത്സരിച്ചുകൂടായെന്നും ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് വാരണാസിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമോയെന്ന അഭ്യൂഹം പ്രചരിച്ചത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ചുമതലയേറ്റത്. സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ആദ്യം പ്രചരിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

Content highlights: Priyanka Gandhi, Varanasi, Congress