അമേഠി: വിദേശ പൗരത്വം സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയ നടപടി പരാജയ ഭീതിമൂലമെന്ന് പ്രിയങ്കാഗാന്ധി. രാഹുല്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്ന് രാജ്യത്തുള്ള എല്ലാവര്‍ക്കും അറിയാം. കേന്ദ്രം ഭരിക്കുന്ന ബിജെപി പരാജയം ഭയക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം നീക്കങ്ങളെന്ന് അവര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സഹോദരന്‍ രാഹുലിനുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ഈ വിഷയത്തില്‍ പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ഗാന്ധിക്ക് പൗരത്വം വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഡയറക്ടറായ കമ്പനിയുടെ രേഖകളില്‍ അദ്ദേഹം ബ്രിട്ടീഷ് പൗരനാണെന്ന വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. 2015 ല്‍ പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലും സുബ്രഹ്മണ്യന്‍ സ്വാമി ഈ ആരോപണം ഉന്നയിച്ചിരുന്നു.

അതിനിടെ, അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് രാഹുല്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടതെന്ന ആരോപണത്തിനും പ്രിയങ്ക മറുപടി നല്‍കി. അമേഠിയില്‍ പരാജയപ്പെടുമോ എന്ന ഭയം കോണ്‍ഗ്രസിനില്ലെന്ന് അവര്‍ അവകാശപ്പെട്ടു.

Content Highlights: Rahul Gandhi, center's notice, Priyanka