ലഖ്‌നൗ: രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന സൂചന നല്‍കിയതിന് പിന്നാലെ റോബര്‍ട്ട് വദ്ര തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റോബര്‍ട്ട് വദ്ര മൊറാദാബാദില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മണ്ഡലത്തില്‍ നിറയെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

റോബര്‍ട്ട് വദ്രയ്ക്ക് മൊറാദാബാദിലേക്ക് സ്വാഗതം എന്നെഴുതിയ പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മണ്ഡലത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. അതേസമയം വദ്രയ്ക്ക് സ്വാഗതമോതിയുള്ള പോസ്റ്ററുകളെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞദിവസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നതായി റോബര്‍ട്ട് വദ്ര സൂചന നല്‍കിയത്. 'ഈ വര്‍ഷങ്ങളിലെ അനുഭവങ്ങളും പാഠങ്ങളും വെറുതെ കളയാനാവില്ല, കൂടുതല്‍ നല്ലതിനായി ഉപയോഗിക്കേണ്ടതുണ്ട്... ഈ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ഒരിക്കല്‍ അവസാനിക്കുമ്പോള്‍, ജനങ്ങളെ സേവിക്കുന്നതില്‍ ഞാനും പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്'' -എന്നായിരുന്നു റോബര്‍ട്ട് വദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രിയങ്ക ഗാന്ധി കിഴക്കന്‍ യു.പി.യുടെ സംഘടനാച്ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് റോബര്‍ട്ട് വദ്രയും രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. 

Content Highlights: posters welcoming robert vadra to to contest loksabha election from moradabad